കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ പിടിയിൽ. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം പ്രതിയും സെക്സ് റാക്കറ്റിന്റെ നടത്തിപ്പുകാരിയുമായ ബിന്ദുവിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇരുവരെയും ഒളിവിൽ പോകുകയായിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരിയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. കേസിൽ യഥാക്രമം 11, 12 പ്രതികളാണിവർ.
പെൺവാണിഭക്കേസിലെ മുഖ്യപ്രതിയായ ബിന്ദുവുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. ഷൈനിത്തും സനിത്തും ഫ്ലാറ്റിലെ സ്ഥിരം സന്ദർശകരായിരുന്നു. ഇതിൽ ഷൈനിത്തിന്റെ അക്കൗണ്ടിലേക്ക് ഇടപാടുകാരുടെ പണം വന്നിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴി പല അക്കൗണ്ടികളിലേക്കാണ് പണം വാങ്ങിയിരുന്നത്. 2022-ൽ നടത്തിപ്പുകാരിയായ ബിന്ദു സമാനരീതിയിൽ പിടിയിലായിരുന്നു . ആ സമയത്താണ് പ്രതികളായ പൊലീസുകാരുമായി ബന്ധം സ്ഥാപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മലാപ്പറമ്പിലെ ഫ്ലാറ്റിൽ നിന്നുമാണ് പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദുവടക്കം ഒൻപതുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്.