ഒട്ടാവ: ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കാൻ ഇന്ത്യയും കാനഡയും. ജി 7 ഉച്ചകോടിക്കിടെ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം.
“വളരെ പ്രധാനപ്പെട്ട ഈ ബന്ധത്തിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിമാർ സമ്മതിച്ചു, പരസ്പരം തലസ്ഥാനങ്ങളിലേക്കുള്ള ഹൈക്കമ്മീഷണർമാരെ എത്രയും വേഗം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ഈ നടപടികളിൽ ആദ്യത്തേത്,” കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. മറ്റ് നയതന്ത്ര നടപടികൾ യഥാസമയം പിന്തുടരും.
കൂടിക്കാഴ്ചയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാർക്ക് കാർണിയും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്തംഭിച്ച വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനും തീരുമാനിച്ചു. സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം, ഭക്ഷ്യസുരക്ഷ, നിർണായക ധാതുക്കൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും പരിശോധിച്ചു.
കഴിഞ്ഞ വർഷം ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ തുടർന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. പ്രശ്നം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്രജ്ഞരെ പുറത്താക്കുകയും വ്യാപാര ചർച്ചകൾ നിർത്തിവയ്‌ക്കുകയും ചെയ്തു.















