ടെൽഅവീവ്: ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഇറാന്റെ മിസൈൽ നിർമാണകേന്ദ്രം തകർന്നു. ഇസ്രയേലിനെതിരെയുണ്ടായ ഇറാന്റെ തുടർച്ചയായുള്ള വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് മിസൈൽ നിർമാണകേന്ദ്രം തകർത്തത്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒക്ടോബറിലും ഇറാന്റെ മിസൈൽ നിർമാണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനനഗരമായ ടെഹ്റാന് സമീപത്ത് സ്ഥിതിചെയ്യുന്ന മിസൈൽ നിർമാണ കേന്ദ്രമാണ് ഇസ്രയേൽ പ്രതിരോധസേന തകർത്തെറിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി ഇരുരാജ്യങ്ങളും നിരവധി തവണ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാനിലെ ഇമാം ഹുസൈൻ സർവകാശലാശയ്‌ക്ക് നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാന്റെ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇമാം ഹുസൈൻ സർവകലാശാല.
ഇറാന്റെ നിരവധി അടിസ്ഥാനസൗകര്യങ്ങൾ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നതായാണ് വിവരം. ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണവും ഉണ്ടായിരുന്നു.















