ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിന് അമേരിക്കയ്‌ക്ക് യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് യുഎസ് മദ്ധ്യസ്ഥത വഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥയ്‌ക്കിടെ യുഎസ്- ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി സ്വീകരിച്ചു. കാനഡയിൽ നടന്ന ജി-7 ഉച്ചകോടിക്ക് ശേഷം വാഷിംഗ്ടൺ ഡിസിയിലേക്ക് ട്രംപ് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ മോദി ഇത് നിഷേധിക്കുകയായിരുന്നു.
35 മിനിറ്റ് നീണ്ടതായിരുന്നു ഇരുനേതാക്കളുടെയും ഫോൺസംഭാഷണം. ട്രംപിന്റെ അഭ്യർത്ഥനപ്രകാരമാണ് ഫോണിൽ ബന്ധപ്പെട്ടതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. സംഘർഷങ്ങൾ നടന്ന സമയത്തൊന്നും യുഎസ്- ഇന്ത്യ വ്യാപാര കരാറിനെ കുറിച്ചോ, ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തൽ കരാറിനെ കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞു.
സംഭാഷണത്തിനിടെ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി ട്രംപിനോട് വിശദീകരിച്ചു. ഇന്ത്യ- പാക് സംഘർഷങ്ങൾ അവസാനിച്ചതിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ സംഭാഷണമായിരുന്നുയിത്. വെടിനിർത്തലിന് യുഎസ് മദ്ധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ തള്ളിക്കളയുന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്.