റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ നിന്നും രക്ഷപ്പെടാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജാർഖണ്ഡിലെ ഗർവയിലാണ് സംഭവം. 19 കാരിയായ സുനിത സിംഗാണ് 22 കാരനായ ഭർത്താവ് ബുദ്ധനാഥിന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊന്നുകളഞ്ഞത്. ഇരുവരുടെയും കല്യാണം കഴിഞ്ഞ് ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് സംഭവം.
സംഭവത്തിൽ അറസ്റ്റിലായ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇക്കഴിഞ്ഞ മെയ് 11 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ പിറ്റേന്ന് തന്നെ വിവാഹത്തിൽ ഇഷ്ടക്കേട് പ്രകടിപ്പിച്ച് യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭർത്താവിനെ ഇഷ്ടമല്ലെന്ന് പറഞ്ഞ യുവതിയെ ഇരുവീട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് വീണ്ടും ഭർതൃവീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
ഇതിനുമുൻപും യുവതി മകനെ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും എന്നാൽ ബുദ്ധനാഥ് ഇത് കഴിക്കാൻ വിസമ്മതിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നും ഭർതൃമാതാവ് ആരോപിക്കുന്നു. എന്നാൽ ബുദ്ധനാഥിന്റെ ഇഷ്ടഭക്ഷണമായ ചിക്കൻ കറിയിൽ വിഷം ചേർത്ത് നൽകിയതോടെ യുവതിയുടെ പദ്ധതി വിജയിച്ചു. ചിക്കൻ കറി കഴിച്ച ബുദ്ധനാഥിനെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിൽ ഭാര്യ സുനിതയ്‌ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.















