ഒട്ടാവ: ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിച്ച് കാനഡ. കാനഡയിലെ ഉന്നത രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ആദ്യത്തെ ഔഗ്യോഗിക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഖാലിസ്ഥാനി ഭീകരർ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അക്രമ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനും കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നത് തുടരുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ.
ഏജൻസിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്ന ഈ വെളിപ്പെടുത്തൽ കാനഡയ്‌ക്കുള്ളിലെ വിദേശ ഇടപെടലുകളെയും ഭീകരാവാദ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ശരിവെക്കുന്നതാണ്. കനേഡിയൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരെക്കുറിച്ച് ഇന്ത്യ വർഷങ്ങളായി ശബ്ദമുയർത്തുന്നുണ്ടെങ്കിലും കാനഡ ഈ വിഷയത്തോട് കണ്ണടച്ചിരിക്കുകയായിരുന്നു.
എന്നാലിപ്പോൾ കാനഡയുടെ സ്വന്തം രഹസ്യാന്വേഷണ ഏജൻസിതന്നെ കാനഡ ഇന്ത്യാ വിരുദ്ധർക്ക് സുരക്ഷിത താവളമായി മാറിയിരിക്കുന്നുവെന്ന വസ്തുത സ്ഥിരീകരിച്ചിരിക്കുകയാണ്. മാത്രമല്ല ഖാലിസ്ഥാനികളുമായി ബന്ധപ്പെട്ട് കാനഡ ഭീകരവാദം എന്ന പദം ഉപയോഗിക്കുന്നതും ഇതാദ്യമായാണ്.
കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജൻസ് ഏജൻസിയുടെ ഈ വെളിപ്പെടുത്തലുകൾ. 2023 ൽ ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് വഷളായ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ കൂടിക്കാഴ്ചയെ കാണുന്നത്.















