കൊൽക്കത്ത: ബംഗാളിലെ ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം മുസ്ലീം ഉടമസ്ഥതയിലുള്ള കടകളിൽ തയ്യാറാക്കി വിതരണം ചെയ്യുന്നതിനെ വ്യാപക പ്രതിഷേധം. സംഭവത്തിൽ മമതാ സർക്കാർ ഹിന്ദു ഭക്തരുടെ വികാരങ്ങളെ നിർദാക്ഷിണ്യം ചവിട്ടിമെതിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. മുസ്ലിം ഉടമസ്ഥതയിലുള്ള മധുരപലഹാരക്കടകളെയും റേഷൻ വ്യാപാരികളെയുമാണ് പ്രഭു ജഗന്നാഥ ഭഗവാന്റെ പവിത്രമായ പ്രസാദം ഗജയും പേരയും തയാറാക്കാനും വിതരണം ചെയ്യാനും ഏല്പിച്ചിരിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
മുസ്ലീം മധുരപലഹാരക്കട ഉടമകളുടെ പേരുകൾ പട്ടികപ്പെടുത്തുന്ന രേഖ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇത് വെറും ഭരണപരമായ അശ്രദ്ധയല്ല. ഇത് മനഃപൂർവമായ പ്രകോപനമാണ്. പുരിയിൽ ഇന്നും ഹിന്ദുക്കളല്ലാത്തവർക്ക് ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല – ഭഗവാനോടും അദ്ദേഹത്തിന്റെ പാരമ്പര്യങ്ങളോടും ഉള്ള പവിത്രത അതാണ്. എന്നിട്ടും, മമത ബാനർജിയുടെ ബംഗാളിൽ, ജഗന്നാഥ ഭക്തർക്കുള്ള പ്രസാദം വിശ്വാസം പോലും പിന്തുടരാത്തവർ നടത്തുന്ന കടകളിൽ നിന്നാണ് വിതരണം ചെയ്യുന്നത് !” അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ ‘മനഃപൂർവ്വമുള്ള ദൈവനിന്ദ’ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് തൃണമൂൽ സർക്കാർ ഹിന്ദുക്കളെയും ജഗന്നാഥ ഭക്തരെയും മുറിവേൽപ്പിച്ചുവെന്നും ഇത് ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണെന്നും ആരോപിച്ചു. മുസ്ലീം സ്ഥാപനങ്ങളിലൂടെ ദിഘ ജഗന്നാഥ ധാം പ്രസാദം വിതരണം ചെയ്യുന്നതിനെ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രൂക്ഷമായി വിമർശിച്ചു.
പശ്ചിമ ബംഗാളിലെ ദിഗയിലുള്ള ജഗന്നാഥ ക്ഷേത്രം ഈ വർഷം ഏപ്രിൽ 30 ന് മുഖ്യമന്ത്രി മമത ബാനർജിയാണ് ഉദ്‌ഘാടനം ചെയ്തത്. ഒഡീഷയിലെ പുരിയിലുള്ള പ്രധാന ജഗന്നാഥ ക്ഷേത്രത്തിന്റെ ഒരു പകർപ്പാണ് ഈ ക്ഷേത്രം.