മുതിർന്ന പാകിസ്താൻ നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് മൃതദേഹം കണ്ടെത്തിയത്. 76-വയസായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടായിരുന്നു.
നടി ഏറെക്കാലമായി തനിച്ചാണ് താമസിച്ചിരുന്നത്. ഒരുപാട് നാളായി പൊതുയിടങ്ങളിൽ നിന്നും അവർ അകന്നു നിൽക്കുകയായിരുന്നു. കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം കറാച്ചിയിലെ ജിന്നാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണമടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂയെന്നാണ് പൊലീസ് ഭാഷ്യം.
അന്വേഷണം പ്രഖ്യാപിച്ച പൊലീസ് അയൽക്കാരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. അവരുടെ അവസാന നാളുകളിലെ അവസ്ഥ എന്താണെന്ന് അറിയാനിത്. അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. അവർ ഉടനെ സ്ഥലത്തെത്തി മേൽനടപടി സ്വീകരിക്കുകയായിരുന്നു.
അഖ്രി ചാട്ടൻ, ടിപ്പു സുൽത്താൻ: ദി ടൈഗർ ലോർഡ്, ദെഹ്‌ലീസ്, ദരാരെയ്ൻ, ബോൽ മേരി മച്ലി, സൈബാൻ, ഏക് ഔർ ആസ്മാൻ തുടങ്ങിയ നിരവധി ജനപ്രിയ പാകിസ്ഥാൻ ടെലിവിഷൻ പരമ്പരകളുടെ ഭാഗമായിരുന്നു അയേഷ.















