ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ലഞ്ചിന് പിരിയുമ്പോൾ 92/2 എന്ന നിലയിലാണ് സന്ദർശകർ. 42 റൺസെടുത്ത കെ.എൽ. രാഹുലിന്റെയും അരങ്ങേറ്റക്കാരനായ സായ് സുദർശനന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
സായ് 4 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. 42 റൺസുമായി യശസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. ബ്രൈഡൻ കാഴ്സിന്റെ പന്തിൽ റൂട്ടിന് ക്യാച്ച് നൽകിയായിരുന്നു രാഹുലിന്റെ മടക്കം. സായിയുടെ വിക്കറ്റ് ബെൻ സ്റ്റോക്കിസിനായിരുന്നു. സ്മിത്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. കരുതലോടെ തുടങ്ങിയ യശസ്വി-രാഹുൽ സഖ്യം 91 റൺസ് ചേർത്ത ശേഷമാണ് പിരിയുന്നത്. പിന്നീട് ക്രീസിലെത്തിയ സായ് സുദർശന് താളം കണ്ടെത്താനായില്ല. ലെഗ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ബാറ്റ് വച്ച് പുറത്താവുകയായിരുന്നു. വിമാനാപകടത്തിൽ മരിച്ചവർക്കായി ഒരു മിനിട്ട് നേരം മൗനാചരണത്തിന് ശേഷമാണ് മത്സരം ആരംഭിച്ചത്.















