ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും സെഞ്ച്വറി കരുത്തിൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 78 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 330 റൺസ് എന്ന നിലയിലാണ്. ജയ്സ്വാളിന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വെടിക്കെട്ട് സെഞ്ച്വറികൾക്ക് ഇംഗ്ലണ്ടിന് മറുപടിയുണ്ടായിരുന്നില്ല. ജയ്സ്വാൾ 101 റൺസ് നേടിയ പുറത്തായപ്പോൾ ഗിൽ അപരാജിത സെഞ്ച്വറിയുമായി കുതിക്കുകയാണ്. താരത്തിന്റെ 15-ാം അന്താരാഷ്‌ട്ര സെഞ്ച്വറിയാണ് ഹെഡിങ്ലിയിൽ പിറന്നത്.
കെ.എൽ രാഹുൽ-യശസ്വി ജയ്സ്വാൾ സഖ്യം ആദ്യ വിക്കറ്റിൽ 91 റൺസ് ചേർത്ത് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 42 റൺസ് നേടിയ രാഹുലിനെ കാഴ്സും സെഞ്ച്വറി പൂർത്തിയാക്കിയ ജയ്സ്വാളിനെ സ്റ്റോക്ക്സുമാണ് പുറത്താക്കിയത്. അരങ്ങേറ്റക്കാരൻ സായ് സുദർശൻ റണ്ണൊന്നുമെടുക്കാതെ പുറത്തായത് നിരാശയായി.
ഗില്ലിനൊപ്പം അർദ്ധ സെഞ്ച്വറി നേടി ഫോമിലായ റിഷഭ് പന്താണ് ക്രീസിൽ. സ്വതസിദ്ധ ശൈലിയിൽ അടിച്ചുതകർക്കുന്ന പന്തും ഫോമിലായതോടെ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത് വമ്പൻ സ്കോറാണ്. ആതിഥേയർക്കായി സ്റ്റോക്സ് രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാഴ്സിന് ഒരു വിക്കറ്റ് ലഭിച്ചു.















