ശ്രീനഗർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ. ജമ്മു കശ്മീരിലെ ആർഎസ് പുര സെക്ടറിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിലായിരുന്നു സൈനികരുടെ യോഗാ ദിനാചരണം.
അന്താരാഷ്‌ട്രയോഗാ ദിനമായ ഇന്ന് രാജ്യ വ്യാപകമായ ആഘോഷത്തിന്റെ ഭാഗമായാണ് അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) ഉദ്യോഗസ്ഥരും ഇതിന്റെ ഭാഗമായത്. ബിഎസ്‌എഫ് ഡിഐജി ചിത്രപാൽ പരിപാടിക്ക് നേതൃത്വം നൽകി. അതിർത്തിയിലെ പ്രതികൂല സാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് യോഗ ശരീരത്തെയും മനസ്സിനെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആർഎസ് പുരയ്‌ക്ക് പുറമേ, കതുവയിലെ രവി നദിക്ക് കുറുകെയുള്ള പോണ്ടൂൺ പാലത്തിലും സാംബയിലെ രാംഗഡ് സെക്ടറിലും ബിഎസ്‌എഫ് സൈനികർ യോഗ പ്രകടനം നടത്തി. ബാരാമുള്ള ഉൾപ്പെടെ ജമ്മു കശ്മീരിലെ മറ്റ് സ്ഥലങ്ങളിലും ബിഎസ്എഫ് ഉദ്യോഗസ്ഥരുടെയും പ്രാദേശിക ജനങ്ങളുടെയും പങ്കാളിത്തത്തോടെ യോഗ സെഷനുകൾ സംഘടിപ്പിച്ചു.















