ദിപിന്‍ ദാമോദരന്‍
അടുത്തിടെയാണ് ഡെയ്‌സി ടെയ്‌ലര്‍ തന്റെ 105ാം പിറന്നാള്‍ ആഘോഷിച്ചത്. ഈസ്റ്റ് ലണ്ടനിലെ ചെംസ്‌ഫോഡിലാണ് ഈ മുത്തശ്ശിയുടെ താമസം. പിറന്നാളിനോട് അനുബന്ധിച്ച് ആഗോള മാധ്യമമായ ബിബിസി അവരുടെ അഭിമുഖമെടുത്തപ്പോള്‍ ഒരു ചോദ്യം ചോദിച്ചു. ഇത്രയും കാലം സുഖമായി ജീവിച്ചുപോന്നതിന്റെ രഹസ്യമെന്താണ്? ഇതായിരുന്നു ടെയ്‌ലറുടെ ഉത്തരം, ‘ദീര്‍ഘായുസിന്റെയും സന്തോഷകരമായ ജീവിതത്തിന്റെയും രഹസ്യം യോഗയും ദിവേസനയുള്ള സ്ട്രച്ചിങ്ങുമെല്ലാമാണ്.’ തന്റെ മനസിന്റെ വിചാരങ്ങളെ മെച്ചപ്പെടുത്തുന്നതില്‍ യോഗ വലിയ പങ്കുവഹിച്ചെന്നും അവര്‍ പറയുകയുണ്ടായി.
ആധുനിക സയന്‍സിന്റെ വ്യഖ്യാനങ്ങളെന്ന വ്യാജേന യോഗയെ അടച്ചാക്ഷേപിക്കുന്ന വിഡിയോകള്‍ പലപ്പോഴും മലയാളം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിന്റെയെല്ലാം യുക്തിയിലേക്കോ യുക്തിയില്ലായ്മയിലേക്കോ ഒന്നും കടക്കുന്നില്ല. എന്നാല്‍ ആ പശ്ചാത്തലത്തില്‍ ബിബിസിയിലെ ഈ റിപ്പോര്‍ട്ടിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു, അനേകരുടെ കഥകളില്‍ ഒന്ന് മാത്രമാണ് അതെങ്കിലും.
ആധുനിക സയന്‍സിന്റെ വീക്ഷണകോണില്‍ പോലും യോഗയുടെ ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഇന്ന് രണ്ടഭിപ്രായത്തിന് വകയില്ല എന്നതാണ് വാസ്തവം. അലോപ്പതിയും ആയുര്‍വേദവും യോഗയും ഉള്‍പ്പെടുത്തിയുള്ള ചികില്‍സ പ്രദാനം ചെയ്യുന്ന വന്‍കിട ഇന്റഗ്രേറ്റഡ് ആശുപത്രികള്‍ക്ക് മറ്റെന്നത്തേക്കാളും പ്രാധാന്യമേറിവരുന്ന കാലമാണ് ഇതെന്നതും മേല്‍പ്പറഞ്ഞതിനോട് ചേര്‍ത്ത് വായിക്കണം.
105ാം വയസില്‍ തറയില്‍ നിന്ന് യോഗ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കസേരയിലിരുന്ന് താന്‍ ചെയര്‍ യോഗ ചെയ്യുന്നുവെന്നാണ് ഡെയ്‌സി ടെയ്‌ലര്‍ പറഞ്ഞത്. എല്ലാ പരിമിതികള്‍ക്കുമപ്പുറമാണ് യോഗയെന്ന ദര്‍ശനത്തിന്റെ ലളിതമായ സാധൂകരണമാണ് ടെയ്‌ലറിനെപ്പോലുള്ളവരുടെ യഥാര്‍ത്ഥ കഥകള്‍.
യോഗ ദീര്‍ഘായുസ് നല്‍കുമോ?
ലോകത്തിലെ വിഖ്യാതരായ പല യോഗ സാധകരും ദീര്‍ഘനാള്‍, ആരോഗ്യത്തോടെ ജീവിച്ചവരാണെന്ന് ആഗോള സയന്‍സ്, എജുക്കേഷന്‍ മാസികയായ എഡ്പബ്ലിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജര്‍മനിയിലെ പ്രശസ്തമായ ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ റിസര്‍ച്ച് ഇന്‍ കോംപ്ലിമെന്ററി മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസറായ ഹോള്‍ഗര്‍ ക്രാമര്‍ പറയുന്നു.

ആധുനിക ലോകം ഏറ്റവും ആഘോഷിച്ച യോഗ ഗുരുക്കളിലൊരാളായ ബികെഎസ് അയ്യങ്കാറിന്റെ തന്നെ കാര്യമെടുക്കാം. കുട്ടിക്കാലത്ത് മലേറിയയും ടൈഫോയിഡും ക്ഷയരോഗവുമെല്ലാം പിടികൂടിയതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ജീവിതത്തില്‍ ആയുസുള്ളൂവെന്ന് പലരും വിധിയെഴുതി. എന്നാല്‍ വൈകാതെ അദ്ദേഹം യോഗയുടെ ചൈതന്യം കണ്ടെത്തി, ദിവസവും പത്ത് മണിക്കൂര്‍ വരെ യോഗാസനങ്ങള്‍ പരിശീലിക്കുകയും ചെയ്തു. അയ്യങ്കാര്‍ രോഗത്തെ അതിജീവിക്കുക മാത്രമല്ല 95 വയസ് വരെ ജീവിച്ചു, ആരോഗ്യവാനായി. അയ്യങ്കാര്‍ യോഗ ലോകമൊട്ടുക്കും പടര്‍ന്ന് പന്തലിക്കുകയും ചെയ്തു.
വിന്യാസ യോഗയുടെ സ്ഥാപകനെന്ന് അറിയപ്പെടുന്ന, അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും അദ്ധ്യാപകനുമായ തിരുമലൈ കൃഷ്ണമാചാര്യ 100 വയസ്സ് വരെ ജീവിച്ചു. സിംല വൈസ് റോയി ആയിരുന്ന ലോര്‍ഡ് ഇര്‍വിന്റെ പ്രമേഹം കൃഷ്ണമാചാര്യ യോഗയിലൂടെ ചികില്‍സിച്ചു മാറ്റിയതായി രേഖകള്‍ പറയുന്നു. കൃഷ്ണമാചാര്യയുടെ പ്രശസ്തനായ മറ്റൊരു മാസ്റ്റര്‍ വിദ്യാര്‍ത്ഥിയുണ്ട്, പേര് കൃഷ്ണ പട്ടാഭി ജോയിസ്. യോഗ ഫിറ്റ്‌നസ് തരംഗത്തിന് അടിത്തറയിട്ട അഷ്ടാംഗ യോഗയുടെ ഏറ്റവും മികച്ച പ്രചാരകനായിരുന്ന അദ്ദേഹം 93 വയസ്സ് വരെ ജീവിച്ചു.
സ്ഥിരമായി യോഗാസനങ്ങള്‍ അഭ്യസിക്കുന്നത് പ്രായഭേദമന്യേ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രായം കൂടുന്നതനുസരിച്ച് വരുന്ന രക്തസമ്മര്‍ദം, സ്‌ട്രെസ്, ബ്ലഡ് ഫാറ്റ് ലെവല്‍, പൊണ്ണത്തടി, ഡിപ്രഷന്‍, പ്രമേഹം തുടങ്ങി ഒട്ടനവധി രോഗാവസ്ഥകളില്‍ യോഗ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ രോഗാവസ്ഥയില്‍ യോഗ എങ്ങനെ ഗുണം ചെയ്യുമെന്ന് ‘എ സിസ്റ്റമാറ്റിക് റിവ്യു ആന്‍ഡ് മെറ്റഅനാലിസിസ് ഓഫ് യോഗ ഫോര്‍ ഹൈപ്പര്‍ടെന്‍ഷന്‍’ എന്ന ഗവേഷണ പ്രബന്ധത്തില്‍ ഹോള്‍ഗര്‍ ക്രാമര്‍, ഹാല്ലെര്‍, ലൗച്ചെ സ്‌റ്റെക്ക്ഹാന്‍ തുടങ്ങിയവര്‍ പറയുന്നുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടന്‍ഷനില്‍ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി മറ്റ് പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാനസിക രോഗാവസ്ഥകളായ സ്‌കീസോഫ്രീനിയയും ഡിപ്രഷനുമെല്ലാമുള്ള രോഗികളില്‍ യോഗ പോസിറ്റീവ് ഗുണം ചെലുത്തുന്നുവെന്ന് പരാമര്‍ശിക്കുന്ന നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ലഭ്യമാണ്.
യോഗയും പ്രായമാകലും
സെല്ലുലാര്‍ തലത്തില്‍ യോഗ പ്രായമാകലിനെ സ്വാധീനിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 2012ല്‍ പ്രസിദ്ധീകരിച്ച ‘എ പൈലറ്റ് സ്റ്റഡി ഓഫ് യോഗിക് മെഡിറ്റേഷന്‍ ഫോര്‍ ഫാമിലി ഡിമന്‍ഷ്യ കെയര്‍ഗിവേഴ്‌സ് വിത്ത് ഡിപ്രസീവ് സിസ്റ്റംസ്; ഇഫക്റ്റ്‌സ് ഓണ്‍ മെന്റല്‍ ഹെല്‍ത്ത്, കോഗ്നിഷന്‍ ആന്‍ഡ് ടെലോമറേസ് ആക്റ്റിവിറ്റി’ എന്ന ഗവേഷണ പഠനം ചെറുതായൊന്ന് വിലയിരുത്താം. പഠനത്തില്‍ പങ്കെടുത്തവരില്‍ സ്ഥിരമായി യോഗ പരിശീലിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോള്‍, അവരുടെ ടെലോമറേസ് പ്രവര്‍ത്തനത്തില്‍ 43% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വെറുതെ റിലാക്‌സേഷന് വിധേയമായവരില്‍ ഇത് നാല് ശതമാനം മാത്രമാണ്. പ്രായമാകുന്ന പ്രക്രിയയില്‍ വലിയ പങ്കുവഹിക്കുന്ന എന്‍സൈമാണ് ടെലോമറേസ്. കാരണം ഇത് കോശങ്ങളുടെ വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്നു. കോശങ്ങള്‍ക്ക് പ്രായമാകുന്നത് തടസപ്പെടുത്തുന്നു എന്ന് സാരം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണ റിപ്പോര്‍ട്ടിന് നേതൃത്വം നല്‍കിയത് എച്ച് ലാവ്രെട്‌സ്‌കി, ഇ എസ് ഇപെല്‍, പി സിദ്ധാര്‍ത്ഥ്, എന്‍ നസറിയന്‍, എം ആര്‍ ഇര്‍വിന്‍, ബ്ലാക്ക്‌ബേണ്‍, ഡി എസ് ഖല്‍സ തുടങ്ങിയ ഗവേഷകരാണ്.

മാത്രമല്ല, വളരെ പരിചയസമ്പന്നരായ ചില യോഗികള്‍ക്ക് അവരുടെ ചയാപചയ (മെറ്റബോളിസം) പ്രക്രിയയെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയും, അവരുടെ ശാരീരിക അവസ്ഥ ഹൈബര്‍നേറ്റ് മൃഗങ്ങളുടേതിന് സമാനമാണ്: അവയുടെ ശ്വസനവും ഹൃദയമിടിപ്പും ഗണ്യമായി കുറയുന്നു, അതുപോലെ തന്നെ ശരീര താപനിലയും. മൃഗങ്ങളില്‍, ഇത്തരത്തിലുള്ള വിശ്രമ ഘട്ടം ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതായി കാണിക്കുന്നു. മനുഷ്യരിലും ഇത് ശരിയാകാമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. മൈന്‍ഡ്-ബോഡി ഗവേഷകനായ വില്ല്യം സി ബഷെല്‍ പ്രസിദ്ധീകരിച്ച ‘ലോംഗിവിറ്റി; പൊട്ടന്‍ഷ്യല്‍ ലൈഫ് സ്പാന്‍ ആന്‍ഡ് ഹെല്‍ത്ത് സ്പാന്‍ എന്‍ഹാന്‍സ്‌മെന്റ് ത്രൂ പ്രാക്റ്റീസ് ഓഫ് ദ ബേസിക് യോഗ മെഡിറ്റേഷന്‍ റെജിമെന്‍’ എന്ന റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
പ്രായം കൂടുന്നതനുസരിച്ച് മാനസികമായി മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ യോഗ സഹായിക്കുന്നുവെന്നും തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രായമാകുന്തോറും നാം മാനസികമായി തളര്‍ച്ച പ്രകടമാക്കുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും പുതിയ ഓര്‍മ്മകള്‍ രൂപപ്പെടുത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടാണ്. ഇത് തലച്ചോറില്‍ പ്രതിഫലിക്കുന്നു: പ്രത്യേകിച്ച് പുതിയ ഓര്‍മ്മകളുടെ രൂപീകരണത്തിന് പ്രധാനമായ ഹിപ്പോകാമ്പസില്‍. എന്നാല്‍ യോഗാഭ്യാസികളുടെ മസ്തിഷ്‌കം പരിശോധിച്ച ഒരു പഠനത്തില്‍, ഒരേ പ്രായത്തിലുള്ള യോഗികളല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് സാധാരണയായി തലച്ചോറിന്റെ പിണ്ഡം (ബ്രെയ്ന്‍ മാസ്) കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഈ വ്യത്യാസം പ്രത്യേകിച്ച് ഹിപ്പോകാമ്പസില്‍ പ്രകടമായിരുന്നു. മാത്രവുമല്ല, ഒരാള്‍ യോഗ അഭ്യസിച്ചുകൊണ്ടിരിക്കുന്തോറും അവരുടെ മസ്തിഷ്‌ക പിണ്ഡം വര്‍ദ്ധിക്കും. ‘ന്യൂറോപ്രൊട്ടക്റ്റീവ് ഇഫക്റ്റ്‌സ് ഓഫ് യോഗ പ്രാക്റ്റീസ്: എയ്ജ്, എക്‌സ്പീരിയന്‍സ്, ആന്‍ഡ് ഫ്രീക്ക്വന്‍സി, ഡിപ്പന്‍ഡന്റ് പ്ലാസ്റ്റിസിറ്റി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുണ്ട്.
ബ്രെയിന്‍ മാസ് വര്‍ധിപ്പിക്കുന്നതില്‍ ധ്യാനത്തിനും യോഗയ്‌ക്കും വലിയ പങ്കുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, ‘മൈന്‍ഡ്ഫുള്‍നെസ് പ്രാക്റ്റീസ് ലീഡ്‌സ് റ്റു ഇന്‍ക്രീസസ് ഇന്‍ റീജണല്‍ ബ്രെയ്ന്‍ േ്രഗ മാറ്റര്‍ ഡെന്‍സിറ്റി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം നോക്കുക. മെഡിറ്റേഷന്‍ ഇതുവരെ അഭ്യസിക്കാത്ത ഒരു ഗ്രൂപ്പിനെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. ഇവരില്‍ ഒരു ഗ്രൂപ്പിന് നാല് മാസത്തെ മെഡിറ്റേഷന്‍ കോഴ്‌സ് നല്‍കി. അടുത്ത ഗ്രൂപ്പിന് മെഡിറ്റേഷന്‍ പരിശീലനം നല്‍കിയതുമില്ല. നാല് മാസത്തിന് ശേഷം മെഡിറ്റേഷന്‍ ഗ്രൂപ്പിലുള്ളവരുടെ ബ്രെയിന്‍ മാസ് കാര്യമായി കൂടിയെന്ന് പഠനം വെളിപ്പെടുത്തുന്നു.

പുതിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും പാറ്റേണുകള്‍ മനസിലാക്കാനുമെല്ലാമുള്ള കഴിവായ ഫ്‌ളൂയിഡ് ഇന്റലിജന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മധ്യവയസ്‌കരില്‍ സ്ഥിരമായി യോഗയും ധ്യാനവും പരിശീലിക്കുന്നവരുടെ ഫ്‌ളൂയിഡ് ഇന്റലിജന്‍സ് അത് പരിശീലിക്കാത്തവരേക്കാളും കുറവാണെന്നാണ് ‘ഫ്‌ളൂയിഡ് ഇന്റലിജന്‍സ് ഇന്‍ഡ് ബ്രെയിന്‍ ഫംഗ്ഷണല്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ എയ്ജിംഗ് യോഗ ആന്‍ഡ് മെഡിറ്റേഷന്‍ പ്രാക്റ്റീഷണേഴ്‌സ്’ എന്ന പഠനത്തില്‍ പറയുന്നത്. പബ്‌മെഡില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം നല്‍കിയത് ടിം ഗാര്‍ഡാണ്.
‘യോഗ ഫോര്‍ ഹെല്‍ത്തി എയ്ജിംഗ്; സയന്‍സ് ഓര്‍ ഹൈപ്പ്, ഇഫക്റ്റ്‌സ് ഓഫ് യോഗ ഓണ്‍ വെല്‍ബീയിംഗ് ആന്‍ഡ് ഹെല്‍ത്തി എയ്ജിംഗ്’, ‘യോഗ ബെയ്‌സ്ഡ് എക്‌സര്‍സൈസ് ഇംപ്രൂവ്‌സ് ബാലന്‍സ് ആന്‍ഡ് മൊബിലിറ്റി ഇന്‍ പീപ്പിള്‍ എയ്ജ്ഡ് 60 + ഇയേഴ്‌സ്’ തുടങ്ങി നിരവധി ഗവേഷണ റിപ്പോര്‍ട്ടുകള്‍ യോഗയുടെ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ട് പബ്ലിക് ഡൊമെയ്‌നില്‍ ലഭ്യമാണ്.
യോഗയും ഹൃദയാരോഗ്യവും
ഹൃദയാരോഗ്യത്തില്‍ യോഗയ്‌ക്ക് മികച്ച സ്വാധീനം ചെലുത്താനാകുമെന്ന് ഗവേഷണസംഘങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ (2014) പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച്, യോഗയ്‌ക്ക് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദയമിടിപ്പ് തുടങ്ങിയ ഹൃദ്രോഗസാധ്യത ഘടകങ്ങള്‍ ഗണ്യമായി കുറയ്‌ക്കാന്‍ കഴിയും. യോഗ ഇടപെടലുകളുടെ ഫലമായി സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം 10% കുറയുകയും ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം 6% കുറയ്‌ക്കുകയും ഹൃദയമിടിപ്പിന്റെ വ്യതിയാനത്തില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്, ഇത് ഹൃദയാരോഗ്യത്തിന്റെ സൂചകമാണ്.
യോഗയും മാനസിക ആരോഗ്യവും
യോഗയുടെ മാനസികാരോഗ്യ ഗുണങ്ങള്‍ി വളരെക്കാലമായി പ്രചരിക്കപ്പെടുന്നതാണ്. ഗവേഷണങ്ങളും ഈ അവകാശവാദത്തെ പിന്തുണയ്‌ക്കുന്നു. സൈക്കോളജിക്കല്‍ മെഡിസിനില്‍ (2017) പ്രസിദ്ധീകരിച്ച ഒരു മെറ്റാ അനാലിസിസ് പ്രകാരം യോഗയ്‌ക്ക് ഉത്കണ്ഠ, വിഷാദം, സമ്മര്‍ദ്ദം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്‌ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാണായാമം പോലുള്ള നിയന്ത്രിത ശ്വാസോച്ഛാസ പ്രക്രിയകള്‍ക്ക് ശരീരത്തിന്റെ പ്രാഥമിക സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്‌ക്കാന്‍ സാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ‘ഫ്രോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോ സയന്‍സില്‍'(2013) പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത് പോലെ, വൈകാരിക നിയന്ത്രണം, ശ്രദ്ധ, ഓര്‍മ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ മികച്ച കാര്യക്ഷമതയ്‌ക്ക് യോഗ വഴിവെക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഡയബറ്റീസ് മാനേജ്‌മെന്റില്‍ യോഗയുടെ സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ് 2013ല്‍ ഡയബറ്റീസ് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്റ്റീസില്‍ പ്രസിദ്ധീകരിച്ച പഠനം.
ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ യോഗയുടെ പങ്കിനെ പിന്തുണയ്‌ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഇന്ന് നിരവധിയാണ്. യോഗ ആരോഗ്യ മാനേജ്‌മെന്റിന് ഒരു ബഹുമുഖ സമീപനം നല്‍കുന്നുവെന്ന വസ്തുത കാണാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല. വിവിധ പ്രാദേശിക സാഹചര്യങ്ങളില്‍ തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതല്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുമുണ്ട്.















