എറണാകുളം: കാവിക്കൊടിയും ഭാരതാംബയും രാജ്ഭവനിൽ വയ്‌ക്കാൻ പാടില്ലെന്ന് പറയാനുള്ള യാതൊരു അധികാരവും സംസ്ഥാന സർക്കാരിനില്ലെന്ന് മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് പറയാനുള്ള അധികാരം സംസ്ഥാന മന്ത്രിമാർക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആർഎസ്എസിന് മാത്രമുള്ളതല്ല കാവിക്കൊടിയും ഭാരതാംബയും. കാവിക്കൊടി രാജ്യത്തിന്റെ പ്രതീകമാണ്. കാവിയോടുള്ള അലർജി പച്ചക്കൊടിയെ കൂട്ടുപിടിക്കാനുള്ളതാണ്. യോഗാദിനം 2015-ൽ ആരംഭിച്ചപ്പോൾ മുഖ്യമന്ത്രിയുൾപ്പെടെ ഇത് പഴഞ്ചനാണെന്നും സംഘപരിവാറിന്റെ അജണ്ടയാണെന്നും പറഞ്ഞു. ഇന്ന് അവരത് അംഗീകരിച്ചു.
രണ്ട് വർഷം കഴിയുമ്പോൾ നമ്മുടെ ക്ലിഫ്ഹൗസിലും ഭാരതാംബയും കാവിക്കൊടിയും ഉയർന്നുനിൽക്കും. മന്ത്രിമാരുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വോട്ട് ബാങ്കിനുള്ള നീക്കങ്ങളാണിത്. ഭാരതാംബയെ തള്ളിയാൽ ഒരു വിഭാഗത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്നാണ് സിപിഎമ്മിന്റെ ചിന്ത”.
ജനങ്ങൾ പെൻഷനില്ലാതെ ബുദ്ധിമുട്ടുമ്പോൾ സർക്കാർ ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് നൽകുന്നത്. രണ്ട് വർഷം പൂർത്തിയാക്കിലുടൻ ആജീവനാന്ദ പെൻഷൻ കൊടുക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















