വാഷിംഗ്‌ടൺ: ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവകേന്ദ്രമായ ഫോർഡോയിൽ അമേരിക്ക വർഷിച്ചത് ആറ് ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബുകളെന്ന് റിപ്പോർട്ട്. ഭൂഗർഭ കേന്ദ്രങ്ങളിലും ആഴം കൂടുതലുമുള്ള ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന ഈ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് 30,000 പൗണ്ട് (15 ടൺ) ഭാരമുണ്ട്.
ഒരേസമയം രണ്ട് ബാങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ കഴിവുള്ള ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറുകൾ (യുദ്ധവിമാനങ്ങൾ) ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ പോലുള്ള ബോംബുകൾ എത്ര ശക്തമായ ഭൂഗർഭ ലക്ഷ്യങ്ങളെയും തകർക്കാൻ കഴിവുള്ളവയാണെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. ഭൂമിക്കടിയിലേക്ക് 200 മീറ്റർ വരെ ആഴത്തിലും 60 അടി വരെ കനമുള്ള കോൺക്രീറ്റ് പാളികളിലും തുളച്ചുകയറി ലക്ഷ്യങ്ങൾ തകർക്കാൻ അനുയോജ്യമായവയാണ് GBU-57 MOP ബോംബുകൾ.















