തിരുവനന്തപുരം: തിരുവനന്തപുരത്തെ കാട്ടാക്കട പൊട്ടൻകാവിലെ ക്ഷേത്രങ്ങളിൽ മോഷണം. രണ്ട് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. പൊട്ടൻകാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലും ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് മോഷണങ്ങൾ നടന്നത്. അടുത്തടുത്തുള്ള ക്ഷേത്രങ്ങളിലാണ് മോഷ്ടാവെത്തിയത്. പുലർച്ചെയുള്ള ചടങ്ങുകൾക്കായി ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് മോഷണം നടന്നുവെന്ന് മനസിലായത്. ക്ഷേത്രത്തിന്റെ മുൻ ഭാഗത്തെ വാതിലുകളും ഉപപ്രതിഷ്ഠയുടെ വാതിലുകളും പൊളിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു.
പൂജാരി വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ കള്ളനായി തെരച്ചിൽ ആരംഭിച്ചു. ക്ഷേത്ര മതിലിന് പുറകിൽ ഒളിച്ചിരുന്ന കള്ളൻ മതിൽ ചാടി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കണിയാപുരം സ്വദേശിയാണ് പ്രതി.















