ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പ്രധാനമന്ത്രിയെ ഇന്ത്യയുടെ പ്രധാന സമ്പാദ്യമെന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചും ലോകത്തെ അറിയിക്കുന്നതിന് പ്രതിനിധി സംഘത്തെ അയയ്‌ക്കാനുള്ള സർക്കാരിന്റെ നീക്കത്തെ ശശി തരൂർ പ്രശംസിച്ചു. ഇത് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ ഇന്ത്യയുടെ ഐക്യത്തെയാണ് ഈ പ്രതിനിധി സംഘത്തിന്റെ പര്യടനം വ്യക്തമാക്കുന്നത്. നീതിയുക്തവും സുരക്ഷിതവും സമ്പന്നവുമായി ലോകത്തിനായി രാജ്യം പരിശ്രമിക്കുകയാണ്. സാങ്കേതികവിദ്യ, വ്യാപാരം, പാരമ്പര്യം തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് ഇന്ത്യയുടെ ഭാവി നയിക്കുന്നത്. വിദേശ പര്യടനത്തിൽ ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പാകിസ്ഥാനോട് യുഎസ് നിർദേശിച്ചതായും ശശി തരൂർ പറഞ്ഞു.
ശശി തരൂർ ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ചത് മുതൽ കോൺഗ്രസിനുള്ളിൽ കടുത്ത വാക്കുതർക്കങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെ വിദേശ പ്രതിനിധി സംഘത്തോടൊപ്പം ശശി തരൂരിനെ ഉൾപ്പെടുത്തിയതും കോൺഗ്രസിനുള്ളിൽ അതൃപ്തിക്ക് കാരണമായി.















