ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റെയും റിഷഭ് പന്തിന്റെയും ഇന്നിംഗ്സാണ് സന്ദർശകർക്ക് കരുത്ത് പകർന്നത്. ചായക്ക് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 261 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ലീഡ് 267 റൺസും.
202 പന്തിലാണ് രാഹുൽ കരിയറിലെ ഒൻപതാം സെഞ്ച്വറി തികച്ചത്. 130 പന്തിലായിരുന്നു പന്തിന്റെ നേട്ടം. കരിയറിലെ ഏഴാം ശതകമാണ് ഇടം കൈൻ ബാറ്റൻ സ്വന്തമാക്കിയത്. ഏകദിന ശൈലിയിൽ തകർത്തടിക്കുന്ന പന്ത് ഇംഗ്ലണ്ട് പേസർമാർക്കും സ്പിന്നർമാർക്കും വലിയ വെല്ലുവിളിയാണ് തീർത്തത്. ഇതുവരെ 13 ഫോറും രണ്ടു സിക്സും താരം അതിർത്തി കടത്തി. ഇംഗ്ലണ്ടിലെ നാലാം സെഞ്ച്വറിയാണ് പന്ത് നേടിയത്. ഹെഡിങ്ലിയിലെ മൂന്നാം സെഞ്ച്വറി നേട്ടമാണിത്.
ഡ്രിംഗ്സിന് പിരിയുമ്പോൾ 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം ദിനം സ്കോർ ബോർഡിൽ രണ്ടു റൺസുകൂടി കൂട്ടിച്ചേർക്കുമ്പോഴേക്ക് ക്യാപ്റ്റൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 8 റൺസെടുത്ത താരത്തെ ബ്രൈഡൻ കാഴ്സാണ് പുറത്താക്കിയത്. നേരത്തെ ജയ്സ്വാൾ നാല് റൺസിനും സായ് സുദർശൻ 30 റൺസുമെടുത്ത് പുറത്തായിരുന്നു.















