തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ വിദ്യാർത്ഥി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബുധനാഴ്ചയാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ പി.എം ശ്രീ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഏക വിദ്യാർഥി സംഘടന എബിവിപിയാണ്. സെക്രട്ടേറിയറ്റ് അനക്സ് 2 ൽ ഉച്ചയ്‌ക്ക് ശേഷം 2.30ന് മന്ത്രിയുടെ ഓഫീസ് ചേംബറിലാണ് ചർച്ച. അതേസമയം പി എം ശ്രീ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്കെതിരെ ഗുണ്ടായിസമാണ് എസ്എഫ്ഐ നടത്തിയത്. സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെ എസ്എഫ്ഐ ഗുണ്ടകൾ തെരുവിൽ ആക്രമിക്കുകയും ചെയ്തിരുന്നു. സമരത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നത്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി 2023-27 വർഷത്തേക്കുള്ള കേന്ദ്രം പദ്ധതിയാണിത്. ഒരു ബ്ലോക്കിൽ ബി.ആർ.സി.ക്കു കീഴിലെ രണ്ടു സ്കൂൾകേന്ദ്രം തിരഞ്ഞെടുക്കും. എൻ.ഇ.പി.യും കേന്ദ്രസിലബസും നടപ്പാക്കാൻ വ്യവസ്ഥ.എൻ.ഇ.പി.യുടെ പുരോഗതി ഈ സ്‌കൂളിൽ പ്രദർശിപ്പിക്കും. പി.എം-ശ്രീ സ്‌കൂൾ എന്ന ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും പ്രദർശിപ്പിക്കും. ഇതാണ് കേരളത്തിന്റെ എതിർപ്പിനുള്ള കാരണം.
2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14500 സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയ്‌ക്കു പുറമേ കലാ–കായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം ഈ സ്കൂളുകളില്‍ ലഭ്യമാക്കും.