ലീഡ്സ് ടെസ്റ്റിൽ നാലാം ദിനം കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 371 റൺസ്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 364 റൺസിൽ അവസാനിച്ചു. സ്കോർ ഇന്ത്യ: 471,364 ഇംഗ്ലണ്ട്: 465, 21/0. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് നേടിയിട്ടുണ്ട്. ഇനി അവർക്ക് 350 റൺസാണ് വേണ്ടത്. നേരത്തെ അഞ്ചു വിക്കറ്റിന് 333 റൺസ് എന്ന നിലയിൽ നിന്നാണ് ഇന്ത്യ 364ന് പുറത്തായത്.
അഞ്ചുവിക്കറ്റുകൾ 33 റൺസെടുക്കുന്നതിനിടെ വീണു. കെ.എൽ രാഹുൽ 137 റൺസിനും റിഷഭ് പന്ത് 118 റൺസിനും പുറത്തായ ശേഷം എത്തിയവർക്ക് പിടിച്ചു നിൽക്കാനായില്ല. കരുൺ നായർ 20 റൺസെടുത്ത് പുറത്തായി.
ശർദൂൽ താക്കൂർ(4), മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര,പ്രസിദ്ധ് കൃഷ്ണ എന്നിവർ ഡക്കായി. 25 റൺസുമായി പുറത്താകാതെ നിന്ന ജഡേജയുടെ പ്രകടനമാണ് ഇന്ത്യയുടെ ലീഡ് 350 കടത്തിയത്. ബ്രൈഡൻ കാഴ്സിനും ജോഷ് ടങ്കിനും മൂന്നു വീതം വിക്കറ്റ് ലഭിച്ചു. ഷൊയ്ബ് ബഷീർ രണ്ടുവിക്കറ്റ് നേടിയപ്പോൾ സ്റ്റോക്സും വോക്സും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.