പഠന വിസ ആഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണണെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യർത്ഥിച്ചു. വിസ അനുവദിക്കുന്നതിന് മുന്നോടിയായി വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പഠന വിസയുടെ നൽകുന്നത് യുഎസ് താത്കാലികമായി നിർത്തിവച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് വിസ പ്രൊസസിംഗ് നടപടികൾ പുനരാരംഭിച്ചത്. പിന്നാലെയാണ് യുഎസ് എംബസിയുടെ പ്രഖ്യാപനമുണ്ടായത്.
” യുഎസ് നിയമപ്രകാരം ഐഡന്റിറ്റി പരിശോധിക്കാൻ എഫ്, എം, ജെ വിസ അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ പബ്ലിക്കാക്കണം,” എംബസി എക്‌സിൽ പറഞ്ഞു.
വിസ നടപടി ക്രമങ്ങളുടെ ഭാഗമായി ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ, ടിക് ടോക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് യുഎസ് നീരീക്ഷിക്കുന്നത്. യുഎസ് വിരുദ്ധമായി കരുതുന്ന ഉള്ളടക്കമുണ്ടോ എന്ന് എംബസി വിശദമായി പരിശോധിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥമാക്കിയാണ് വിസ നൽകുന്നത്.
ദേശസുരക്ഷാ അപകടത്തിലാക്കുന്ന വ്യക്തികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ ഡാറ്റ ശേഖരിക്കുന്നത് സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. എഫ് വിസകൾ (അക്കാദമിക് വിദ്യാർത്ഥികൾ), എം വിസകൾ (വൊക്കേഷണൽ വിദ്യാർത്ഥികൾ), ജെ വിസകൾ (എക്സ്ചേഞ്ച് വിസിറ്റർമാർ) എന്നിവയ്‌ക്ക് ഈ നിർദ്ദേശം ബാധകമാണ്.