വാഷിംഗ്ടൺ: ഇറാൻ പ്രതിരോധ സേനയ്‌ക്ക് ഇനിയൊരിക്കലും ആണവായുധം നിർമിക്കാൻ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഭാവിയിൽ അവർക്ക് ആണവായുധം നിർമിക്കണമെങ്കിൽ യുഎസ് സൈന്യത്തെ ശക്തമായി നേരിടേണ്ടിവരുമെന്ന് വാൻസ് പറഞ്ഞു. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ആണവായുധങ്ങൾ നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു ഇറാൻ. ആ സമയത്താണ് യുഎസ് വ്യോമസേനയുടെ ആക്രമണമുണ്ടായത്. അവരുടെ ആണവായുധങ്ങൾ ഞങ്ങൾ തകർത്തു. ആണവായുധം നിർമിക്കുന്നതിന് വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും തകർത്ത് തരിപ്പണമാക്കി. ആണവായുധം നിർമിക്കുന്നതിന് ഒരുക്കിയിരുന്ന എല്ലാ സജ്ജീകരണങ്ങളും തകർത്തുവെന്നും ജെഡി വാൻസ് പറഞ്ഞു.
ഇറാന്റെ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണമാണ് യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയത്.















