ലീഡ്സിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് ശക്തമായ നിലയിൽ. 39 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 176 റൺസ് എന്ന നിലയിലാണ്. ഇനി വെറും 204 റൺസ് മാത്രം അകലെയാണ് ഇംഗ്ലണ്ട്. അർദ്ധ സെഞ്ച്വറി പിന്നിട്ട സാക് ക്രോളിയും സെഞ്ച്വറി തികച്ച ബെൻ ഡക്കറ്റും ഇന്ത്യൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ വെള്ളം കുടുപ്പിക്കുകയാണ്.
ഏകദിന ശൈലിയിലാണ് ഡക്കറ്റ് ബാറ്റ് വീശുന്നത്. നങ്കൂരമിട്ട് കളിക്കുന്ന ക്രോളി സഹ ഓപ്പണർക്ക് ഉറച്ച പിന്തുണയാണ് നൽകുന്നത്. ഹെഡിംഗ്ലിയിലെ ഒരു ടെസ്റ്റിലെ നാലാം ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഓപ്പണിംഗ് ജോഡിയെന്ന റെക്കോർഡും ഇവർ സ്വന്തമാക്കി.
ക്രോളി ആറു ബൗണ്ടറിയുമായി 57 പിന്നിട്ടപ്പോൾ ഡക്കറ്റ് 103 റൺസുമായി കുതിക്കുകയാണ്. 123 പന്തിൽ 103 റൺസ് നേടിയ താരം 14 ബൗണ്ടറികളും അതിർത്തി കടത്തി. നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാനിപ്പിച്ചത്.
നേരത്തെ വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിന്റെയും കെ.എൽ രാഹുലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ടൊരു വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നിൽ വച്ചത്. വാലറ്റം ശോഭിക്കാതിരുന്നതോടെ 400 കടക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടിയേൽക്കുകയായിരുന്നു.