ന്യൂഡൽഹി: ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ശരിയയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പാണിതെന്ന് ഇന്ത്യ പറഞ്ഞു. വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ അമേരിക്കയും ഖത്തറും നടത്തിയ നയതന്ത്ര ശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പ്രശംസിച്ചു. അതേസമയം പശ്ചിമേഷ്യയിലെ സുസ്ഥിര സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള ആശങ്കകൾ ഇന്ത്യ ആവർത്തിച്ചു.
“മൊത്തത്തിലുള്ള പ്രാദേശിക സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെങ്കിലും, ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലും അത് കൊണ്ടുവരുന്നതിൽ യുഎസും ഖത്തറും വഹിച്ച പങ്കിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് നടപടിയും തുടർന്ന് ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരായ ഇറാന്റെ പ്രതികാര നടപടിയും ഉൾപ്പെടെ ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇന്ത്യ സസൂക്ഷമം നിരീക്ഷിച്ചിരുന്നതായി വിദേശകര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
“മേഖലയിലെ ഒന്നിലധികം സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണത്തിനും നയതന്ത്രത്തിനും പകരം വയ്‌ക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ഈ ശ്രമങ്ങളിൽ പങ്കു വഹിക്കാൻ ഇന്ത്യ തയ്യാറാണ്, ബന്ധപ്പെട്ട എല്ലാ കക്ഷികളും സുസ്ഥിരമായ സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇറാനുമായും ഇസ്രായേലുമായും അടുത്ത ബന്ധമുള്ള ഇന്ത്യ, ജൂൺ 13 ന് സംഘർഷം ആരംഭിച്ചതുമുതൽ ഇരു രാജ്യങ്ങളും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യ എണ്ണയുടെയും വാതകത്തിന്റെയും ഒരു പ്രധാന സ്രോതസ്സും തൊണ്ണൂറ് ദശലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികളുടെ വാസസ്ഥലവുമായതിനാൽ, മേഖലയിൽ തുടരുന്ന അശാന്തി ഇന്ത്യ ആശങ്കയാടെയാണ് വീക്ഷിച്ചിരുന്നത്.















