ന്യൂഡൽഹി: കേരളത്തിൽ വധിക്കേണ്ട 950 പേരുടെ ഹിറ്റ്ലിസ്റ്റ് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയതായി എൻഐഎ. കേരളത്തിൽ നിന്ന് മുൻ ജില്ലാ ജഡ്ജിയും പട്ടികയിൽ ഉൾപ്പെടും. ദേശീയ അന്വേഷണ ഏജൻസി (NIA) കോടതിയിൽ ഇതു സംബന്ധിച്ചു നൽകിയ റിപ്പോർട്ടിലാണ് വിശദ വിവരങ്ങൾ ഉള്ളത്.
പിഎഫ്ഐ ഭീകരരരായ മുഹമ്മദ് ബിലാൽ, റിയാസുദ്ധീൻ, അൻസാർ കെപി, സഹീർ കെവി എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെയാണ് ദേശീയ ഏജൻസി എൻഐഎ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളുടെ ഹർജി കോടതി തള്ളി.
പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നുമാണ് 240 പേരുടെ പട്ടിക പിടിച്ചെടുത്തത്. കൂടാതെ മറ്റൊരു പ്രതി അയൂബിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്. മുഹമ്മദ് സാദിഖ് എന്ന പ്രതിയുടെ കൈയിൽ നിന്ന് 232 പേരുടെ പട്ടികയും കണ്ടെടുത്തു. നിലവിൽ ഒളിവിൽ കഴിയുന്ന 15-ാം പ്രതി അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്ന് കണ്ടെടുത്ത 5 പേരുടെ മെയിൻ ഹിറ്റ് ലിസ്റ്റിലാണ് ജില്ലാ ജഡ്ജിയുടെ പേരുള്ളത് എന്നു എൻഐഎ വ്യക്തമാക്കി.
പിഎഫ്ഐക്ക് സർവ്വീസ് വിംഗ് അഥവാ ഹിറ്റ് വിംഗുണ്ട്. ഹിറ്റ് ലിസ്റ്റിലുള്ളവരെ ഇല്ലാതാക്കാൻ നിയോഗിച്ചവരാണ് ഇവർ. ഇതിലെ അംഗങ്ങൾക്ക് ശാരീരിക- ആയുധ പരിശീലന നൽകാനും പ്രത്യേക വിഭാഗമുണ്ട്. ആലുവയിലെ പെരിയാർ വാലി കാമ്പസ് പിഎഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും എൻഐഎ ചൂണ്ടിക്കാട്ടി.
2022 മെയ് മാസത്തിലാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം എൻഐഎ പിഎഫ്ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2022 ഡിസംബറിൽ പാലക്കാട്ടെ ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസന്റെ കൊലപാതകവും എൻഐഎ ഏറ്റെടുത്തു. ഈ രണ്ട് കേസുകളും ഒന്നിച്ചാണ് എൻഐഎ അന്വേഷിക്കുന്നത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് പിഎഫ്‌ഐയുടെ ഇന്ത്യ 2047 അജണ്ടയെന്നും ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എൻഐഎ വാദിച്ചു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ ഓഡിയോ ക്ലിപ്പുകളും എൻഐഎ കണ്ടെടുത്തിട്ടുണ്ട്.
എൻഐഎ റിപ്പോർട്ട് വിശദമായി പരിശോധിച്ച കോടതി, ഹർജിക്കാരനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചു.
കേസ് വിചാരണയിലേക്ക് കടക്കുന്ന ഈ ഘട്ടത്തിൽ ഹർജിക്കാരന് ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും യുഎപിഎയിലെ സെക്ഷൻ 43D(5) പ്രകാരമുള്ള വ്യവസ്ഥ ഈ കേസിൽ ബാധകമാണെന്നും ചൂണ്ടിക്കാട്ടി പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.