ഭോപ്പാൽ: കോളേജിനോട് ചേർന്ന് നിർമ്മിച്ച മുസ്ലിം പള്ളിയിലിനെ ഉച്ചഭാഷിണികൾ വിദ്യാർത്ഥികളുടെ പഠനത്തിന് തടസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ. ഭോപ്പാലിലെ ഹമീദിയ കോളേജ് പ്രിൻസിപ്പലാണ് സർക്കാരിന് പരാതി നൽകിയത്. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
കോളേജിലെ സയൻസ് വകുപ്പിന് വേണ്ടിയുള്ള സ്ഥലത്താണ് പള്ളി നിർമ്മിച്ചിരിക്കുന്നതെന്നും, ഉച്ചഭാഷിണി ക്ലാസുകളും പരീക്ഷകളും തടസപ്പെടുത്തുന്നുണ്ടെന്നും കോളേജ് പ്രിൻസിപ്പൽ പുഷ്പലത ചൗക്‌സി ആരോപിച്ചു. ഭൂമിയുടെ അതിർത്തി അളന്നു തിട്ടപ്പെടുത്തി പുനർനിർണയിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ നിഷേധിച്ച ഇമാം ഹാഫിസ് മുഹമ്മദ് ഫാറൂഖ് പള്ളി വഖഫ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വാദിച്ചു. എന്നാൽ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളും സംസ്ഥാനത്തെ ശബ്ദമലിനീകരണ നിയമങ്ങളും ചൂണ്ടിക്കാട്ടിയ ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ പ്രിൻസിപ്പലിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കി. സംഭവത്തിൽ പ്രിൻസിപ്പലിന്റെ കത്തിന് ഭോപ്പാൽ കളക്ടർ മറുപടി നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിഷയം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്.