കൊച്ചി: പിഎഫ്ഐ ഭീകരർ ആഗോള ഭീകര സംഘടനകളുടെ നിഴൽ രൂപങ്ങളെപ്പോലെ പ്രവർത്തിച്ചെന്ന് എൻഐഎ. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരതയെ പിഎഫ്ഐ പിന്തുണച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ഐഎസിൽ ചേർന്നതിന്റെ വിവരങ്ങളും എൻഐഎ കോടതിക്ക് കൈമാറി.
ആഗോള ഭീകരസംഘടനകൾ ഇന്ത്യയിൽ വിധ്വംസക പ്രവർത്തനം നടത്താൻ പിഎഫ്ഐയെ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയപ്രചാരണവും പിഎഫ്ഐ നടത്തി. ഇതിന്റെ വിഡിയോകളും ലഘുലേഖകളും പിഎഫ്ഐ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.
രാഷ്‌ട്രീയ- സാമുദായിക എതിരാളികളെ ശിക്ഷിക്കാൻ പിഎഫ്ഐക്ക് ‘ദാറുൽ ഖ്വാഫ’ എന്ന പേരിൽ സ്വന്തം കോടതിയും രഹസ്യന്വേഷണ വിഭാഗവുമുണ്ടായിരുന്നു. റിപ്പോർട്ടേഴ്സ് വിംഗ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലേണ്ടവരെയും ശിക്ഷിക്കേണ്ടവരെയും നിശ്ചയിച്ചിരുന്നത്. ഓരോ ജില്ലയിലും രഹസ്യാന്വേഷണ വിഭാഗമുണ്ടായിരുന്നു. ഇതിലൂടെയാണ് 977 പേരുടെ ഹിറ്റ് ലിസ്റ്റുണ്ടാക്കിയിരുന്നത്. ഭരണകൂടത്തിലും ജുഡീഷ്യറിയിലും കടന്നുകയറാനുള്ള ബോധപൂർവ്വമായ ശ്രമവും ഇവർ നടത്തിയിരുന്നു. രാജ്യത്ത് സമാന്തര നീതിന്യായ സംവിധാനമുണ്ടാക്കാനും ഇസ്ലാമികരാജ്യം സൃഷിക്കാനുമാണ് പിഎഫ്ഐ ശ്രമിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
പിഎഫ്ഐ ഭീകരവാദികളുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 977 പേരുണ്ടെന്ന എൻഐഎയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പാലക്കാട് സ്വദേശികളായ നാല് പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർണ്ണായക വിവരങ്ങളുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.















