പനാജി: ജയിലിനുള്ളിലേക്ക് കഞ്ചാവ് പന്തുകൾ എറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് ഗോവ പൊലീസ്. വടക്കൻ ഗോവ ജില്ലയിലെ അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിനുള്ളിലേക്കാണ് പ്രതികൾ കഞ്ചാവ് പന്തുകളാക്കി എറിഞ്ഞുനൽകിയത്.
ജയിലിലെ സുരക്ഷാ ജീവനക്കാരാണ് 1.397 ഗ്രാം വീതം കഞ്ചാവടങ്ങിയ ഏഴ് പന്തുകൾ കണ്ടെത്തിയത്. ഏകദേശം 1.4 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പൊതികളാണിവ. ജയിൽ പരിസരത്തെ രണ്ട് വച്ച് ടവറുകൾക്കിടയിലെ ഇടനാഴിക്കുള്ളിലാണ് കഞ്ചാവ് പന്തുകൾ കിടന്നിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് (നോർത്ത്) രാഹുൽ ഗുപ്ത പറഞ്ഞു.
അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേർ ജയിൽ വളപ്പിലെ കോമ്പൗണ്ടിന് പുറത്ത് നിന്ന് ‘കഞ്ചാവ് പന്തുകൾ’ അകത്തേക്ക് എറിഞ്ഞതായി വ്യക്തമായി. സംഭവത്തിൽ വടക്കൻ ഗോവയിലെ മാപുസ പട്ടണത്തിൽ നിന്നുള്ള ഗൗതം തൽവാർ, സാമുവൽ പൂജാരി, ജാഫർ മുല്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും പൊലീസ് അറിയിച്ചു.















