മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി മുന്നേറ്റം നിലനിര്‍ത്തി. വ്യാഴാഴ്ച നിഫ്റ്റി50 304 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 9 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 25,549 ല്‍ എത്തി. സെന്‍സെക്‌സ് 1,003 പോയിന്റ് അഥവാ 1.21% ഉയര്‍ന്ന് 83,759 ല്‍ ക്ലോസ് ചെയ്തു. 2024 ഒക്ടോബറിനുശേഷമുള്ള ഉയര്‍ന്ന നിലയാണിത്. രണ്ട് സൂചികകളും ഇപ്പോള്‍ സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിലയ്‌ക്ക് 2.3% മാത്രം താഴെയാണ് വ്യാപാരം നടത്തുന്നത്.
വിശാല വിപണികളും കുതിപ്പ് നിലനിര്‍ത്തി. നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്‌മോള്‍ ക്യാപ് 100 സൂചികകള്‍ 0.5% ത്തിലധികം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
മേഖല തിരിച്ചു നോക്കുമ്പോള്‍ മെറ്റല്‍ ഓഹരികള്‍ വിപണിയിലെ റാലിക്ക് നേതൃത്വം നല്‍കി. നിഫ്റ്റി മെറ്റല്‍ സൂചികയിലെ എല്ലാ ഓഹരികളും നേട്ടത്തിലായിരുന്നു. എണ്ണ, വാതക കമ്പനികളുടെ ഓഹരികളും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള ഇടിവാണ് എണ്ണ വിപണന കമ്പനികള്‍ക്ക് നേട്ടമായത്. നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചിക 1.86% ഉയര്‍ന്നു.
ഓഹരികളില്‍, ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ് (ഫസ്റ്റ്‌ക്രൈ) 17% ഉയര്‍ന്ന് നേട്ടത്തില്‍ മുന്നിലെത്തി. അതേസമയം അപാര്‍ ഇന്‍ഡസ്ട്രീസ്, റെയ്മണ്ട് ലൈഫ്‌സ്‌റ്റൈല്‍, നുവാമ വെല്‍ത്ത് മാനേജ്‌മെന്റ് അടക്കം നിഫ്റ്റി 500 ലെ 71 ഓഹരികള്‍ 2% നും 5% നും ഇടയില്‍ നേട്ടമുണ്ടാക്കി.
സംഘര്‍ഷങ്ങള്‍ക്ക് അയവ്
ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കര്‍ശനമായി പാലിക്കുന്നതും യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും വിപണിക്ക് അനുകൂലമായി.
ഡോളര്‍ ഇന്‍ഡക്‌സ് താഴേക്ക്
ഡോളര്‍ ദുര്‍ബലമായതാണ് ഇന്ത്യന്‍ വിപണിക്ക് നേട്ടമായ മറ്റൊരു സംഭവവികാസം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെതിരായ ട്രംപിന്റെ ആക്രമണത്തിനിടയില്‍ ഡോളര്‍ സൂചിക 3 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിനെതിരെ ട്രംപ് പുതിയ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് യുഎസ് ഡോളര്‍ സൂചിക മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 97 ലേക്ക് വീണത്. ഈ നീക്കം സെന്‍ട്രല്‍ ബാങ്കിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും പവലിന്റെ സ്ഥാനത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പുനരുജ്ജീവിപ്പിച്ചു.
ഗവണ്‍മെന്റിന്റെ കടമെടുക്കല്‍ ചെലവുകള്‍ കുറയ്‌ക്കുന്നതിനായി ട്രംപ് പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ ഫെഡില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. എന്നാല്‍ പവല്‍ ഇതുവരെ പലിശ നിരക്ക് കുറയ്‌ക്കാന്‍ തയാറായിട്ടില്ല. സെപ്റ്റംബറിലോ ഒക്ടോബറിലോ പവലിന്റെ പിന്‍ഗാമിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുമെന്നാണ് സൂചന.
കരുത്തോടെ ആഭ്യന്തര നിക്ഷേപകര്‍
കഴിഞ്ഞ മൂന്ന് സെഷനുകളില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) അറ്റ വില്‍പ്പനക്കാരായി തുടര്‍ന്നെങ്കിലും ആഭ്യന്തര സ്ഥാപന നിക്ഷേപകരില്‍ (ഡിഐഐ) നിന്നുള്ള ശക്തമായ നിക്ഷേപങ്ങള്‍ വിപണിയെ മുന്നോട്ടു നയിച്ചു. ഈ മാസത്തില്‍ ഇതുവരെ, വിദേശ നിക്ഷേപകര്‍ 5,670 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. മെയ് മാസത്തില്‍ 66,194 കോടിയുടെ വാങ്ങലുകള്‍ക്ക് ശേഷം ജൂണിലും പണം ഒഴുക്കിയ ഡിഐഐകള്‍ 70,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മ്യൂച്വല്‍ ഫണ്ടുകള്‍ മാത്രം 36,000 കോടിയിലധികം രൂപ നിക്ഷേപിച്ചു.
താരിഫ് ചര്‍ച്ചകള്‍
ജൂലൈ 9 മുതല്‍ ട്രംപിന്റെ പരസ്പര താരിഫുകള്‍ യാഥാര്‍ത്ഥ്യമാകാനിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നുള്ള ഇളവ് നീട്ടുന്നതിനായി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ തോതിലെങ്കിലും ഒരു വ്യാപാര കരാറിലെത്തുന്നതിനെക്കുറിച്ച് ന്യൂഡല്‍ഹിയും വാഷിംഗ്ടണും ഇപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.















