ന്യൂഡൽഹി: കാനഡയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാനഡ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ നിർണായക തീരുമാനം.
ഖാലിസ്താൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും അതിനാൽ ഇനിയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അനാവശ്യ ആരോപണം ഉന്നയിച്ചതാണ് ഇന്ത്യ- കാനഡ ബന്ധം വഷളാകാൻ കാരണമാണയത്. ഇത് നിയമപരമായ പ്രശ്നമാണ്. പ്രധാനമന്ത്രിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. സാമ്പത്തികം, ഊർജ്ജം, വ്യാപാരം തുടങ്ങിയവയിൽ കാനഡയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഇക്കാര്യം പ്രധാനമന്ത്രി മാർക്ക് കാർണിയെ അറിയിച്ചിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും അഞ്ച് നയതന്ത്രജ്ഞരെയും ഇന്ത്യ തിരികെ വിളിച്ചിരുന്നു. ഇവരെ തിരിച്ചെടുക്കാനുള്ള നടപടികൾ ഉടനടി നടത്താനാണ് ഇന്ത്യയുടെ തീരുമാനം.















