ന്യൂഡൽഹി: ഓപ്പറേഷൻ ബിഹാലിയിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം. ശേഷിക്കുന്ന ഭീകരർക്കായി ഉധംപൂരിലെ ബസന്ത്ഗഡ് പ്രദേശത്ത് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘവും ഓപ്പറേഷൻ തുടരുകയാണ്. പ്രദേശത്ത് മൂന്ന് ഭീകരർ കൂടിയുള്ളതായാണ് വിവരം. ഇവരെ സൈന്യം വളഞ്ഞിട്ടുണ്ട്.
‘മൗലവി’ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ജെയ്ഷെ കമാൻഡറെയാണ് സൈന്യം വധിച്ചത്. ജമ്മു മേഖലയിൽ ഒരുവർഷത്തോളമായി പൊലീസ് നിരീക്ഷിച്ചുവരുന്ന സംഘത്തിൽപ്പെട്ടവരാണ് ഈ ഭീകരരെന്ന് ജമ്മു റേഞ്ച് ഐജി ഭീം സെൻ ടുട്ടി പറഞ്ഞു.
മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശം വളഞ്ഞ സൈന്യത്തിന് നേർക്ക് ഭീകരർ വെടിയുതിർത്തു. ഇതിന് തിരിച്ചടിയായി സുരക്ഷാ സേന നടത്തിയ വെടിവയ്പിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. ജൂലൈ 3 ന് ആരംഭിക്കുന്ന അമർനാഥ് തീർത്ഥയാത്രയ്‌ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.