ന്യൂഡൽഹി: പാകിസ്ഥാന് തിരിച്ചടി നൽകാൻ ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച എസ്-400 സർഫസ്-ടു-എയർ മിസൈൽ സിസ്റ്റങ്ങളുടെ ശേഷിക്കുന്ന രണ്ട് സ്‌ക്വാഡ്രണുകൾ 2026 -൨൭ ആകുമ്പോഴേക്കും ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യ.
ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന SCO പ്രതിരോധമന്ത്രിമാരുടെ യോഗത്തിനിടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും റഷ്യൻ പ്രതിരോധമന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം വൈകിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നാലാമത്തെയും അഞ്ചാമത്തെയും സ്‌ക്വാഡ്രണുകളുടെ കൈമാറ്റം കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.
2018 ൽ റഷ്യയുമായി ഒപ്പുവച്ച 5.43 ബില്യൺ ഡോളറിന്റെ (40,000 കോടി രൂപ) കരാർ പ്രകാരം 2023 അവസാനത്തോടെ ഇന്ത്യക്ക് അഞ്ച് സ്ക്വാഡ്രണുകളും ലഭിക്കുമെന്ന് നിശ്ചയിരിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം നാലാമത്തെ സ്ക്വാഡ്രൺ അടുത്ത വർഷവും അഞ്ചാമത്തേത് 2027 ലും ഇന്ത്യയിലെത്തും.
ചൈനയെയും പാകിസ്താനെയും നേരിടുന്നതിനായി ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ ആദ്യത്തെ മൂന്ന് എസ്-400 സ്ക്വാഡ്രണുകളെ ഇന്ത്യൻ വ്യോമസേന വിന്യസിച്ചിട്ടുണ്ട്. 380 കിലോമീറ്റർ ദൂരപരിധിയിലുള്ള ശത്രു ബോംബറുകൾ , ജെറ്റുകൾ, സ്പൈ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കാൻ ഇവയ്‌ക്ക് കഴിയും.അതേസമയം ഡിആർഡിഒ പ്രോജക്ട് കുഷയ്‌ക്ക് കീഴിൽ 350 കിലോമീറ്റർ ഇന്റർസെപ്ഷൻ പരിധിയുള്ള ഒരു തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.