ന്യൂഡൽഹി: മഞ്ഞപ്പട്ടുടുത്ത് തലമുടിയിൽ മുല്ലപ്പൂ ചൂടി കസേരയിലിരിക്കുന്ന ഒരു കുഞ്ഞു സുന്ദരി. തൊട്ടടുത്ത കസേരയിലിരുന്ന് അവളെ കൗതുകത്തോടെ വീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നോടൊപ്പമിരിക്കുന്നത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയാണെന്ന ആശങ്കയൊന്നും കയ്യിലിരിക്കുന്ന പേപ്പർ മറിച്ചുനോക്കുമ്പോൾ ആ നിഷ്കളങ്ക മുഖത്തില്ല. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം പ്രധാനമന്ത്രിയോടൊപ്പമുള്ള ഈ കുട്ടിക്കുറുമ്പിയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന അന്തരിച്ച അരുൺ ജെയ്റ്റ്ലിയുടെ കൊച്ചുമകളാണ് ഈ ആറുവയസുകാരി. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റിലിയുടെ കുടുംബത്തെ നേരിൽ കണ്ടിരുന്നു. അപ്പോൾ പകർത്തിയ ചിത്രമാണിത്. അദ്ദേഹത്തിന്റെ മകൻ രോഹൻ ജെയ്റ്റ്‌ലി, ഭാര്യ മെഹറുന്നിസ്സ ആനന്ദ്, ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത ജെയ്റ്റ്‌ലി, സഹോദരി സോണാലി ജെയ്റ്റ്‌ലി ബക്ഷി, മകൾ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

2014 മുതൽ 2019 വരെ മോദി മന്ത്രിസഭയിലെ ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായി അരുൺ ജെയ്റ്റ്‌ലി സേവനമനുഷ്ഠിച്ചിരുന്നു. 2020-ൽ പൊതുകാര്യ മേഖലയിലെ മികച്ച സേവനത്തിന് മരണാനന്തരം ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.
നിലവിൽ ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് മകൻ രോഹൻ ജെയ്റ്റ്‌ലി. ക്രിക്കറ്റിനപ്പുറം, സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് രോഹൻ. രോഹൻ ജെയ്റ്റ്‌ലി തന്റെ പിതാവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുക മാത്രമല്ല, കോടതിമുറിയിലും ക്രിക്കറ്റ് മൈതാനത്തും പ്രതിബദ്ധതയുള്ള നേതാവെന്ന നിലയിൽ സ്വന്തം പാത രൂപപ്പെടുത്തുകയാണ്.















