കണ്ണൂർ: മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 13 വർഷമായി തുടരുന്ന ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഒരച്ഛനും അമ്മയും. കണ്ണൂർ പറമ്പായിലെ പ്രകാശനും ഭാര്യ മൈഥിലിയുമാണ് മകൻ നിഷാദിന് വേണ്ടി കാത്തിരിക്കുന്നത്. മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ മത തീവ്രവാദികൾ നിഷാദിനെ ഇല്ലാതാക്കിയെന്ന സംശയാണ് ഇപ്പോഴും നിലനിൽക്കുന്നത്.
2012 ഒക്ടോബർ 21 ന് രാത്രിയാണ് നിഷാദിനെ കാണാതാവുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന നിഷാദിനെ രാത്രി അത്താഴം കഴിക്കുന്നതിനിടെ ആരോ വിളിച്ചു കൊണ്ടുപോകുയായിരുന്നു. പിന്നീട് യുവാവിനെ ആരും കണ്ടിട്ടില്ല. നിഷാദിന് ബന്ധമുണ്ടെന്ന ആരോപിക്കപ്പെട്ട യുവതികളുടെ ബന്ധുക്കളെ കേന്ദ്രീരിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തു.
ഇതിനിടെ 2018 ഒക്ടോബർ 10 ന് ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പി. എ അബ്ദുൾ സലീമിനെ എൻഐഎ അറസ്റ്റ് ചെയ്തു. തടിയന്റെ നസീറിന്റെ കൂട്ടാളിയായ ഇയാളെ കണ്ണൂർ പിണറായിയിൽ വച്ചാണ് പിടികൂടിയത്. ബെംഗളൂരിവിൽ ചോദ്യം ചെയ്യലിനിടെ നിഷാദിനെ ഇല്ലാതാക്കാൻ 25 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ എടുത്തന്ന് ഇയാൾ വെളിപ്പെടുത്തി. കൂട്ടുപ്രതികൾക്കൊപ്പം കൊലപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ടതായും സലീം പറഞ്ഞു. ബെംഗളൂരു സ്ഫോടനത്തിന് ശേഷം ഒളിവിൽ കഴിയവെയാണ് കൊല നടത്തിയതെന്നാണ് ഇയാളുടെ മൊഴി. തുടർന്ന സലീമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. പറമ്പായിൽ സലീം ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് കുഴിച്ച് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. കേസ് വേണ്ട വിധത്തിൽ അന്വേഷിച്ചില്ലെന്നും ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ചില്ലെന്നും ആരോപണം ശക്തമാണ്. കുറ്റവാളികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നുവെന്ന സംശയവും നിലനിലനിൽക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ളവർക്ക് പങ്കുണ്ടെന്ന് കുടുംബവും പരാതികൾ ഉന്നയിച്ചെങ്കിലും കേസ് അവസാനിപ്പിച്ച മട്ടാണ്.
13 വർഷമായി കേസിന്റെ പിറകെ നടന്ന് പ്രകാശനും ഭാര്യയും ശാരീരികമായും മാനസീകമായും തളർന്നിരുക്കുകയാണ്. ” 13 വർഷമായി കേസുമായി നടക്കുകയാണ്, ഇനിയെങ്കിലും മകൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയണം. പോലീസ് വല്ലപ്പോഴും വന്ന് പോകുമെന്നല്ലാതെ ഒന്നും നടക്കുന്നില്ല, നീതി ലഭിക്കണമെന്നും പ്രകാശനും ഭാര്യയും ജനം ടിവിയോട് പറഞ്ഞു.