മലപ്പുറം: അക്യുപംഗ്ചറിസ്റ്റായ മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച ഒന്നര വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് അതിദാരുണസംഭവം. ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. അക്യുപംഗ്ചറിസ്റ്റാണ് ഇരുവരും. അശാസ്ത്രീയ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്ന ഇവർ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിട്ടും ചികിത്സ നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം. വെള്ളിയാഴ്ച വൈകുന്നേരമാണ് കുഞ്ഞ് മരിച്ചത്. ശനിയാഴ്ച രാവിലെ മൃതദേഹം ഖബറടക്കി.
2024 ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകളോ ചികിത്സയോ ഇതുവരെ നൽകിയിട്ടില്ല. കുഞ്ഞിന്റെ അമ്മ ഹിറ ഹറീറയുടെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവൻ ആശുപത്രി ചികിത്സയെയും പ്രതിരോധ കുത്തിവെപ്പിനെയും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളാണ്. കൂടാതെ വീട്ടു പ്രസവത്തെയും മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളും ഇതിൽ കാണാം. അക്യുപംഗ്ചർ റാങ്ക് ഹോൾഡറാണെന്നും ഇവർ പറയുന്നുണ്ട്. സംഭവത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
മലപ്പുറം, കോഴിക്കോട് ജില്ലയിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ. പലതും പുറംലോകം അറിയാറില്ലെന്ന് മാത്രം. വിട്ടു പ്രസവത്തോടും അക്യുപംഗ്ചർ പോലുള്ള അശാസ്ത്രിയ ചികിത്സയോടും മുസ്ലീം സമുദായത്തിനിടയിൽ ആഭിമുഖ്യം വർദ്ധിക്കുകയാണെന്ന് വിവിധ സംഘടനകൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
മാസങ്ങൾക്ക് മുമ്പ് അക്യുപംഗചർ വഴി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചിരുന്നു. അന്ന് വീട്ടു പ്രസവത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും പറഞ്ഞിരുന്നെങ്കിലും ഒന്നും ചെയ്തില്ല. പിന്നാലെ വീട്ടിൽ പ്രസവിച്ചരെ ആദരിക്കുന്ന പരിപാടി കോഴിക്കോട് നടന്നെങ്കിലും സർക്കാർ കണ്ടഭാവം പോലും നടിച്ചില്ല. ആരോഗ്യ രംഗത്ത് കേരള മോഡൽ എന്ന അവകാശപ്പെട്ടിരുന്നിടത്താണ് പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചത്. സംസ്ഥാന സർക്കാർ ഇതേ സമീപനം തുടർന്നാൽ ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും.















