കണ്ണൂർ: പേവിഷ ബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ മണിയുടെ മകൻ ഹരിത്താണ് മരിച്ചത്. കണ്ണൂർ പയ്യാമ്പലത്ത് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ 12 ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
മെയ് 31 നാണ് കുട്ടിയെ ഇവർ താമസിക്കുന്ന ക്വട്ടേഴ്സിന് മുന്നിൽ വച്ച് തെരുവ് നായ അക്രമിച്ചത്. കുട്ടിക്ക് മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ചയ്‌ക്കുള്ളിൽ തന്നെ കുട്ടിക്ക് പനിയും പേവിഷബാധയുടെ ലക്ഷണം പ്രകടമായി. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.















