ധാക്ക: ബംഗ്ലാദേശിലെ മുറാദ് നഗറിൽ 21 വയസുള്ള ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതാവ് ഫസർ അലി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. ഇരയുടെ വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.
ജൂൺ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. രാമചന്ദ്രപൂർ പച്ചിട്ട ഗ്രാമത്തിലെ പ്രാദേശിക നേതാവാണ് 38 കാരനായ ഫസർ അലി. സംഭവദിവസം ഇയാൾ യുവതിയുടെ പിതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവതിയെ പീഡിപ്പിച്ചത്.
ഭർത്താവ് ദുബായിയിൽ ജോലി ചെയ്യുന്നതിനാൽ പ്രാദേശിക ഉത്സവമായ ഹരി സേവയിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം പിതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു യുവതി. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇവർ വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫസർ അലി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു.
നാട്ടുകാർ പ്രതിയെ പിടികൂടി മർദ്ദിച്ചെങ്കിലും ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ജൂൺ 27 ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മുറാദ്‌നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ 5 മണിയോടെ ധാക്കയിലെ സയ്ദാബാദ് പ്രദേശത്ത് നിന്നാണ് ഫസർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം, ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.















