രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ അമ്മയാണ് മുഖ്യപ്രതി. പൊലീസിന്റെ മാരത്തൺ ചോദ്യം ചെയ്യലിൽ യുവതി ഇരു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. അതേസമയം പ്രതി അനീഷയുമായി പുതുക്കാട് പൊലീസ് ഇവരുടെ വീടിന് സമീപം തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് യുവതിയുമായി സ്ഥലത്ത് എത്തിയത്. നിരവധിപേർ പ്രതിയെ കാണാനും മറ്റുമായി പ്രദേശത്ത് തമ്പടിച്ചിരുന്നു.
2021 നവംബർ 6-നാണ് ആദ്യത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. 2024 ഓഗസ്റ്റ് 29-നാണ് രണ്ടാമത്തെ കുഞ്ഞിനെ കൊന്നതെന്നും ഇവർ വെളിപ്പെടുത്തി. യുവാവിന്റെ പ്രേരണയിലാണ് കൊലപാതകം എന്നാണ് മൊഴി. പ്രണയിതാക്കളായ ഭവിനും അനീഷയ്ക്കും വിവാഹത്തിന് മുൻപാണ് രണ്ടു കുട്ടികൾ ജനിച്ചത്.
ഒരാൾ പ്രസവിച്ചപ്പോൾ മരിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ആരും അറിയാതിരിക്കാൻ കൊലപ്പെടുത്തിയെന്നുമായിരുന്നു അനീഷയുടെ ആദ്യ മൊഴി. കുട്ടികളെ കുഴിച്ചിടാനും അസ്ഥി കൈമാറാനും നിർദേശിച്ചത് ഭവിനായിരുന്നു. ഇയാൾ അസ്ഥി സൂക്ഷിച്ചത് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയാൽ ഭീഷണിപ്പെടുത്താനായിരുന്നു.
യുവതി ബന്ധത്തിൽ നിന്ന് അകലുകയും മറ്റാരുമായോ അടുപ്പമുണ്ടെന്ന് സംശയം ഉടലെടുത്തതോടെയുമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ നടത്തിയത്. ശനിയാഴ്ച അർദ്ധരാത്രിയാണ് യുവാവ് മദ്യലഹരിയിൽ ബാഗുമായി സ്റ്റേഷനിലെത്തിയത്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിന് മുൻപേ ജനിച്ച ആൺകുട്ടികൾ മരിച്ചെന്നും അവരുടെ അസ്ഥിയാണ് ബാഗിലുള്ളതെന്നും വെളിപ്പെടുത്തുകയായിരുന്നു.പൊലീസ് ഇത് സ്ഥിരീകരിച്ചു.















