ചെന്നൈ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ മോക് ഡ്രിൽ പരീക്ഷിച്ച് കേന്ദ്ര സായുധസേന. സിഐഎസ്എഫും എയർപോർട്ട് എമർജൻസി സർവീസസും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ചെന്നൈ വിമാനത്താളത്തോട് ചേർന്നുള്ള പ്രദേശത്തായിരുന്നു മോക് ഡ്രിൽ.
ദുരന്തമുണ്ടായാൽ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് സുരക്ഷാഉദ്യോഗസ്ഥർ നിർദേശങ്ങൾ നൽകി. അപകടങ്ങളുണ്ടായാൽ തയാറെടുപ്പുകൾ പരീക്ഷിക്കുന്നതിനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. തകർന്ന വിമാനത്തിന്റെ മാതൃക ഉപയോഗിച്ചായിരുന്നു പരീക്ഷണം. സിഐഎസ്എഫ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, വിമാനത്താവള അതോറിറ്റികൾ, മെഡിക്കൽ യൂണിറ്റുകൾ, ഇന്റലിജൻസ്, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയ സേനാംഗങ്ങൾ പരീക്ഷണാഭ്യാസത്തിൽ പങ്കെടുത്തു.
വിമാനാപകടങ്ങൾക്ക് വേഗത്തിൽ പ്രതികരണം ഉറപ്പാക്കുകയും അത്തരം സാഹചര്യങ്ങളിൽ മരണസംഖ്യ കുറയ്‌ക്കുകയും ചെയ്യുക എന്നതാണ് പരീക്ഷണ മോക് ഡ്രില്ലിന്റെ ലക്ഷ്യം. അഭ്യാസത്തിന്റെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിക്കൽ, അഗ്നിശമന പ്രവർത്തനങ്ങൾ വേഗത്തിലാക്കൽ, പരിക്കേറ്റവർക്കുള്ള വൈദ്യസഹായം തുടങ്ങിയവയും അഭ്യാസത്തിന്റെ ഭാഗമായി നടന്നു.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിന് ആംബുലൻസുകൾക്ക് വഴിയൊരുക്കുന്ന ട്രാഫിക് പൊലീസിന്റെ പങ്കും മോക് ഡ്രിൽ പരീക്ഷണത്തിലൂടെ വ്യക്തമായി കാണിച്ചു. വിമാനത്താവളത്തിനകത്ത് ഇത്തരം പരീക്ഷണങ്ങൾ നടക്കാറുണ്ടെങ്കിലും വിമാനത്താവളത്തിന് പുറത്തുവരുന്ന അപകടസാധ്യത കണക്കിലെടുത്താണ് ഈ പരീക്ഷണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















