മലപ്പുറം: കാടാമ്പുഴയിലെ ഒരു വയസ്സുകാരന്റെ മരണം കടുത്ത മഞ്ഞപ്പിത്തം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറുവ പാങ്ങ് നവാസ്-ഹിറ ഹറീറ ദമ്പതികളുടെ മകൻ ഇസെൻ ഇർഹാൻ വെളളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. അക്യുപംഗ്ചർ ചികിത്സ നടത്തിയിരുന്ന മാതാവ് ഹിറ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നും ചികിത്സ നൽകിയില്ലെന്നുമാണ് പരാതി ഉയർന്നിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ശേഷം മൃതദേഹം വീണ്ടും പടിഞ്ഞാറ്റുമുറി ജുമാ മുസ്‌ജിദിൽ
ഖബറടക്കി.
കുഞ്ഞിന് കടുത്ത മഞ്ഞപ്പിത്തമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. എന്തെങ്കിലും മരുന്നോ ചികിത്സയോ നൽകിയിരുന്നോ എന്ന് രാസപരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാകൂ. നിലവിൽ അസ്വാഭാവികമരണത്തിനാണ് കേസെടുത്തിട്ടുള്ളത്.
2024 ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അമ്മ ഹിറ ഹറീറ അക്യുപംഗ്ചർ റാങ്ക് ഹോൾഡറാണ്. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. ആ കുട്ടിയെയും വീട്ടിലാണ് പ്രസവിച്ചത്. രണ്ട് കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടില്ല.
ഹിറ ഹറീറയുടെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവൻ ആശുപത്രി ചികിത്സയെയും പ്രതിരോധ കുത്തിവെപ്പിനെയും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളാണ്. ആശുപത്രിയിൽ ചികിത്സ തേടുന്നവരെ ഇവർ പരിഹസിച്ചിരുന്നു. മോണ്ടിസോറി പാരന്റ് ട്രെയിനർകൂടിയാണ് ഇവർ.