ന്യൂഡൽഹി: 2029 ഓടെ 52 ഉപഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതൽ ശക്തമാക്കാൻ സ്പേസ് ബേസ്ഡ് സർവൈലൻസ് പ്രോഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് നടക്കുക. ഉപഗ്രഹങ്ങളുടെ വിക്ഷേപണം വേഗത്തിലാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.
ചൈനയുടെയും പാകിസ്ഥാന്റെയും ഭൂപ്രദേശങ്ങളും ഇന്ത്യൻ സമുദ്രമേഖലയും നിരീക്ഷണപരിധിയിൽ കൊണ്ടുവരാൻ സാധ്യമാകും എന്നതാണ് ദൗത്യത്തിന്റെ പ്രത്യേകത. പ്രതിരോധ മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് ഡിഫൻസ് ഏജൻസിയാണ് ഇതിന് നേതൃത്വം നൽകുന്നത്. 26,968 കോടി രൂപയാണ് പദ്ധതിചെലവ്. ആദ്യ ഉപഗ്രഹം അടുത്ത വർഷം ഏപ്രിലിൽ വിക്ഷേപിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാകാര്യ കാബിനേറ്റ് യോഗത്തിൽ സ്പേസ് ബേസ്ഡ് സർവേയിലൻസ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന് അനുമതി നൽകിയിരുന്നു. 52 പ്രതിരോധ ഉപഗ്രഹങ്ങളിൽ 21 എണ്ണം ഐഎസ്ആർഒ നിർമിച്ചതായിരിക്കും. 31 എണ്ണം ഇന്ത്യൻ സ്വകാര്യ കമ്പനികളുമാണ് നിർമിക്കുന്നത്. തുടര്‍ച്ചയായി നിരീക്ഷണം നടത്താനും മികച്ച ക്വാളിറ്റിയിലുള്ള ദൃശ്യങ്ങൾ പകർത്താനും ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധിക്കും.