കോഴിക്കോട്: എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് ആളെ കൂട്ടാൻ സർക്കാർ സ്‌കൂളിന് അവധി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് ഹെഡ്മാസ്റ്റർ അവധി നൽകിയത്. എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നൽകിയതെന്നാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം.
എസ്എഫ്ഐ നേതാക്കളുടെ ആവശ്യം നിരസിക്കാൻ തനിക്ക് കഴിയില്ലെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. ദേശീയ സമ്മേളനവും റാലിയും നടക്കുന്നുവെന്ന് പറഞ്ഞ് എസ്എഫ്ഐ ഇന്ന് രാവിലെ നോട്ടീസ് നൽകിയിരുന്നു. നഗരത്തിലെ വിദ്യാലയങ്ങളിൽ പഠിപ്പ് മുടക്കുമെന്നും അതിലുണ്ടായിരുന്നു.
മുൻപ് സമരക്കാർ വന്നാൽ പൊലീസിനെ വിളിക്കുമായിരുന്നു. അന്ന് സമരക്കാരോട് സഹകരിക്കാനാണ് പൊലീസ് പറഞ്ഞതെന്നും ഹെഡ്മാസ്റ്റർ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ ആളെ കൂട്ടാനാണ് സ്കൂളിനെ അവധി നൽകിയതെന്നാണ് വിവരം. എന്നാൽ ഹെഡ്മാസ്റ്ററുടെ വിശദീകരണം പൊലെ അത്ര നിഷ്കളങ്കമല്ല കാര്യങ്ങൾ. സ്കൂളിന് അവധി നൽകുന്ന കാര്യം ഇന്നലെ തന്നെ ഹെഡ്മാസ്റ്റർ തീരുമാനിച്ചിരുന്നുവെന്നാണ് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ മേസേജുകൾ ചൂണ്ടിക്കാട്ടുന്നത്.















