ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ‘ക്യാപ്റ്റന്‍ കൂള്‍’ ആരായിരുന്നെന്നതിന് ഒരേയൊരുത്തരം മഹേന്ദ്ര സിംഗ് ധോണിയെന്നാണ്. സീനിയര്‍ ടീമിനെ നയിച്ച കാലത്തെല്ലാം ആവര്‍ത്തിച്ച് ആരാധകരും സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും മാധ്യമങ്ങളും ധോണിയെ വാഴ്‌ത്തിയത് ഈ പേരുപയോഗിച്ചാണ്. ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് എടുത്ത് സ്വന്തമാക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ധോണി.
ക്യാപ്റ്റന്‍ കൂളിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി സ്വന്തമാക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ട്രേഡ്മാര്‍ക്ക് രജിസ്ട്രി പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സ്വീകരിച്ച ട്രേഡ് മാര്‍ക്ക് രജിസ്ട്രി പോര്‍ട്ടല്‍ ഇത് പരസ്യപ്പെടുത്തിയിട്ടുണ്ട്.
എന്തിനാണ് ധോണിക്ക് ‘ക്യാപ്റ്റന്‍ കൂള്‍’
ക്രിക്കറ്റ് താരങ്ങള്‍ റിട്ടയര്‍മെന്റിനു ശേഷം കമന്റേറ്റര്‍മാരായും പരിശീലകരുമായി കാലം കഴിക്കുന്നത് പണ്ട്. ഇപ്പോള്‍ തങ്ങളുടെ ബ്രാന്‍ഡ് ഇമേജിനൊത്ത ബിസിനസുകളിലേക്ക് ഇറങ്ങാനാണ് താരങ്ങള്‍ക്ക് താല്‍പ്പര്യം. സച്ചിനും ധോണിയും കോഹ്ലിയും ഗാംഗുലിയുമെല്ലാം ഇപ്രകാരം ബിസിനസ് രംഗത്തു കൂടി സജീവമാണ്. തന്ത്രപരമായ ബ്രാന്‍ഡ് പ്രമോഷന്‍ നീക്കത്തിന്റെ ഭാഗമായി കൂടിയാണ് ധോണി ‘ക്യാപ്റ്റന്‍ കൂളി’ന് ട്രേ്ഡ്മാര്‍ക്ക് എടുക്കുന്നത്. സ്‌പോര്‍ട്‌സ് ട്രെയിനിംഗ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് വേണ്ടിയാണ് ട്രേഡ്മാര്‍ക്ക് എടുക്കുന്നതെന്ന് ധോണിയുടെ അപേക്ഷ വ്യക്തമാക്കുന്നു.
സിആര്‍7 മുതല്‍ എയര്‍ ജോര്‍ഡാന്‍ വരെ
തങ്ങളുടെ വിളിപ്പേരിലും മറ്റും ബ്രാന്‍ഡുകള്‍ തുടങ്ങുകയോ അതേ പേരുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി ആഗോള ബ്രാന്‍ഡുകളുമായി സഹകരിക്കുകയോ ചെയ്യുന്നത് സ്‌പോര്‍ട്‌സ് മേഖലയില്‍ സാധാരണമാണ്. സിആര്‍7 ബ്രാന്‍ഡില്‍ പെര്‍ഫ്യൂമുകളും സണ്‍ ഗ്ലാസുകളുമെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിപണിയിലിറക്കുന്നുണ്ട്. ബാസ്‌കറ്റ് ബോള്‍ ഇതിഹാസ താരമായ മൈക്കല്‍ ജോര്‍ഡാനുമായി സഹകരിച്ച് സ്‌പോര്‍ട്‌സ് വെയര്‍ ഉല്‍പ്പാദകരായ നൈക്കി എയര്‍ ജോര്‍ഡാന്‍ ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നു. ലൈറ്റ്‌നിംഗ് ബോള്‍ട്ട് പോസ് എന്ന തന്റെ വിഖ്യാതമായ വിജയാഘോഷ പ്രകടനത്തെ ട്രേഡ്മാര്‍ക്ക് ആക്കിയിരിക്കുകയാണ് ജമൈക്കന്‍ ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്. ലൈറ്റ്‌നിംഗ് ബോള്‍ട്ട് പോസ് എന്ന പേരില്‍ ജൂവലറി, വസ്ത്രങ്ങള്‍ എന്നിവ പുറത്തിറക്കാനും റെസ്റ്ററന്റുകളും മറ്റും തുടങ്ങാനുമാണ് ബോള്‍ട്ടിന്റെ പദ്ധതി.