മലപ്പുറം: കാടാമ്പുഴയിൽ മരിച്ച ഒരു വയസുകാരൻ അശാസ്ത്രീയ ചികിത്സയുടെ ഇരയെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മഞ്ഞപ്പിത്തം ബാധിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്നും തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതാണ് മരണത്തിന് കാരണമായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുറുവ പാങ്ങ് നവാസ്-ഹിറ ഹറീറ ദമ്പതികളുടെ മകൻ ഇസെൻ ഇർഹാൻ മരിച്ചത്. ഒരു മാസം മുമ്പാണ് കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചത്. ചികിത്സ നൽകാത്തതോടെ മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു. അണുബാധ മൂർച്ഛിച്ചതോടെ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടായി. കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകിയെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. എന്നാൽ എന്തുതരത്തിലുള്ള ചികിത്സയാണ് നൽകിയതെന്ന് വ്യക്തമല്ല. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്നാലേ ഇതിൽ സ്ഥിരീകരണമുണ്ടാകൂ.
ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. അക്യുപംഗ്ചർ ചികിത്സ നടത്തിയിരുന്ന മാതാവ് ഹിറ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നും ചികിത്സ നൽകിയില്ലെന്നുമാണ് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞ് മരിച്ചു എന്നാണ് കുടുംബം നാട്ടുകാരോട് പറഞ്ഞിരുന്നത്.
2024 ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അമ്മ ഹിറ ഹറീറ അക്യുപംഗ്ചർ റാങ്ക് ഹോൾഡറാണ്. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. ആ കുട്ടിയെയും വീട്ടിലാണ് പ്രസവിച്ചത്. രണ്ട് കുട്ടികൾക്കും പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടില്ല.















