മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചെന്ന് ആരോപിച്ച് തുർക്കിയിൽ കാർട്ടൂണിസ്റ്റുകളെ അറസ്റ്റ് ചെയ്തു. ലെമാൻ വാരികയിലെ കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്‌ലെവാനും എഡിറ്റർ ഇൻ ചീഫ് ഇൻസ്റ്റിറ്റ്യൂഷണൽ ഡയറക്ടർ, ഗ്രാഫിക് ഡിസൈനർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാചകൻ മുഹമ്മദിന്റെ കാരിക്കേച്ചറുകൾ വരച്ചവരെ ഞാൻ ശപിക്കുന്നുവെന്നാണ് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറസ്റ്റിന് പിന്നലെ പ്രതികരിച്ചത്.
പ്രവാചകന്മാരായ മോശയും മുഹമ്മദും ആകാശത്ത് കൈ കോർക്കുന്നത് പോലുയുള്ള രൂപങ്ങളാണ് കാർട്ടൂണിലുണ്ടായിരുന്നത്. യുദ്ധ പശ്ചാത്തലത്തിൽ നിന്ന് പ്രവാചകരുടെ കീഴിൽ നിന്ന് മിസൈലുകൾ പറന്നുയരുന്നത് കാർട്ടൂണിൽ കാണിച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്ന സന്ദേശമായാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്.
എന്നാൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തുർക്കിയിലെ മത യാഥാസ്ഥിതികരിൽ നിന്നും കടുത്ത പ്രതിഷേധമുണ്ടായി. പിന്നാലെയാണ് അറസ്റ്റ്. കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്‌ലെവാനെ കൈകൾ പിന്നിലേക്ക് ബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്ന വീഡിയോ തുർക്കി ആഭ്യന്തര മന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
ഇസ്താംബൂളിലെ ലെമാൻ ജീവനക്കാർ പതിവായി സന്ദർശിക്കുന്ന ബാറും പ്രതിഷേധക്കാർ ആക്രമിച്ചു. ഇസ്താംബൂളിലെ ലെമാന്റെ ഓഫീസിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി.
പ്രതിഷേധത്തിനും അറസ്റ്റിനും പിന്നാലെ ലെമാൻ മാഗസിൻ വിശദീകരണവുമായി എത്തി. കാർട്ടൂൺ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഇസ്ലാമിനെയോ പ്രവാചകനെയോ അപമാനിച്ചിട്ടില്ലെന്നും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു മുസ്ലീമിന്റെ കഷ്ടപ്പാടുകളാണ് കാർട്ടൂൺ എന്നുമാണ് മാഗസിൻ വിശദീകരണം.
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളുടെ പേരിൽ വിമർശനം നേരിടുന്ന രാജ്യമാണ് തുർക്കി. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് 2024 ലെ പത്രസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 158-ാം സ്ഥാനത്താണ് ഈ രാജ്യം.
2015-ൽ പാരീസിൽ നടന്നതിന് സമാനമാണ് തുർക്കിയിലെ സംഭവം.
പ്രവാചകൻ മുഹമ്മദിന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് ഫ്രഞ്ച് മാസികയുടെ ഓഫീസുകൾ ആക്രമിച്ച് കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേരെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയിരുന്നു.















