ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ചെന്നൈയിലെ പൊന്നേരിയിലാണ് സംഭവം. 22 വയസുള്ള ലോകേശ്വരിയാണ് സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ശുചിമുറിയിൽ കയറി ആത്മഹത്യചെയ്തത്.
മരിച്ച ലോകേശ്വരി ജൂൺ 27 നാണ് വിവാഹിതയായത്. ജൂൺ 30 ന് ഇരുവരും ലോകേശ്വരിയുടെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പിതാവ് ഗജേന്ദ്രൻ പൊന്നേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം ഭർത്താവ് ലോകേശ്വരിയോട് അവളുടെ മാതാപിതാക്കളിൽ നിന്ന് കൂടുതൽ പവൻ സ്വർണ്ണം, ഒരു എയർ കണ്ടീഷണർ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതിനെ തുടർന്ന് ലോകേശ്വരി ശുചിമുറിയിൽ കയറി വാതിലടച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.
സ്ത്രീധനമായി യുവതിയോട് കുടുംബം അഞ്ച് പവൻ നൽകാമെന്ന് സമ്മതിച്ചിരുന്നെങ്കിലും വിവാഹ സമയത്ത് നാലുപവനേ നൽകാൻ കഴിഞ്ഞുള്ളു. ബാക്കി സ്വർണത്തിനായി ഭർത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ വരന്റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ചു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ നടപടി ആരംഭിച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ആവഡി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുപ്പൂരിൽ നിന്ന് സമാനമായ ഒരു സ്ത്രീധന ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതായി ആരോപിച്ച് 27 കാരിയായ റിധന്യയാണ് ആത്മഹത്യ ചെയ്തത്.















