ന്യൂഡെല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം തീരുവകള്‍ നടപ്പാകാന്‍ 8 ദിവസം മാത്രം ശേഷിക്കെ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇന്ത്യയും അമേരിക്കയും ശ്രമങ്ങള്‍ തുടരുന്നു. ഇതുവരെ കരാര്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. കാര്‍ഷിക മേഖലയില്‍ വിട്ടുവീഴ്ചക്ക് ഇന്ത്യ തയാറല്ലാത്തതാണ് മുന്നോട്ടുപോക്ക് ദുഷ്‌കരമാക്കിയിരിക്കുന്നത്.
വിട്ടുവീഴ്ചയില്ല
ബഹുഭൂരിപക്ഷം ചെറുകിട ക്ഷീര കര്‍ഷകരടക്കം 80 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ഡെയറി മേഖലയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കുന്നതാവും ഇത്തരമൊരു നടപടിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മോദി സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിലപാടെടുക്കുന്നത്.
ഇളവ് വേണം
തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ വസ്തുക്കള്‍, പ്ലാസ്റ്റിക്കുകള്‍, രാസവസ്തുക്കള്‍, ചെമ്മീന്‍, എണ്ണക്കുരുക്കള്‍, മുന്തിരി, വാഴപ്പഴം എന്നിവയുള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഇന്ത്യ തീരുവ ഇളവുകള്‍ തേടുന്നു. ഈ ഇളവുകള്‍ യുഎസിന്റെ ആഭ്യന്തര താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കാത്തതിനാല്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് കാര്യമായ എതിര്‍പ്പ് നേരിടാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യ കണക്കാക്കുന്നത്.
ബുധനാഴ്ച പ്രധാനം
ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രതിനിധ സംഘം ഇപ്പോള്‍ വാഷിംഗ്ടണിലുണ്ട്. പ്രതിനിധി സംഘത്തെ നയിക്കുന്ന സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു അധിക ദിവസം കൂടി യുഎസില്‍ തുടരും. ബുധനാഴ്ച വരെ ചര്‍ച്ചകള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒരു നയതന്ത്ര യോഗത്തോടനുബന്ധിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ കാണും.
വിശാലമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള ആദ്യപടിയായി ഇടക്കാല വ്യാപാര കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ 26% വരെ ഉയര്‍ന്ന താരിഫാണ് ട്രംപ് മൂന്ന് മാസം മുന്‍പ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ഉടന്‍ മരവിപ്പിച്ച ഈ തീരുമാനം വ്യാപാര കരാറിലെത്തിയില്ലെങ്കില്‍ ജൂലൈ 9 മുതല്‍ നടപ്പാക്കപ്പെടും.