കൊല്ലം : എസ് എഫ് ഐ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപി ഐ യുടെ വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫ് കൊല്ലത്ത് നാളെ (ജൂലൈ 2) വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
കലാലയങ്ങളിൽ എസ്എഫ്ഐ നടപ്പാക്കുന്ന അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നാണ് എ ഐ എസ് എഫ് മുന്നോട്ടു വെക്കുന്ന ആവശ്യം.
കേരള സർവകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബോർഡുകളും ചുവരെഴുത്തുകളും എസ്എഫ്ഐ വ്യാപകമായി നശിപ്പിക്കുന്നതായി എ ഐ എസ് എഫ് ആരോപിച്ചു.
ജില്ലയിലെ പല കോളേജുകളിലും എ ഐ എസ് എഫിന് നേരെ എസ്എഫ്ഐ ആക്രമണമുണ്ടായെന്ന് എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ ആരോപിച്ചു. കൊല്ലം ടി.കെ.എം. കോളേജിൽ എ ഐ എസ് എഫ് സ്ഥാപിച്ച കൊടി തോരണങ്ങളും ബാനറുകളും നശിപ്പിച്ചത് അറിഞ്ഞെത്തിയ ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബിനെയും പ്രസിഡന്റ് ശ്രീജിത്ത് സുദർശനനെയും ലഹരി സംഘം ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
“SFI ഏരിയ സെക്രട്ടറി അതുൽ ആണ് മർദിക്കാൻ വേണ്ട തിരക്കഥ ഉണ്ടാക്കിയത്. SFI ചെല്ലും ചിലവും കൊടുത്തിട്ടിരിക്കുന്ന കുറെ ഗുണ്ടകൾ ഉണ്ട്. കൊല്ലം SN കോളേജിലെ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് TKM കോളേജിൽ എത്തി പ്രശ്നം ഉണ്ടാക്കിയത്” എ അധിൻ ആരോപിച്ചു.
ഈ ലഹരി സംഘങ്ങൾക്ക് അഭയം നൽകുന്ന കേന്ദ്രമായി കൊല്ലത്തെ എസ്എഫ്ഐ ജില്ലാ നേതൃത്വം മാറിക്കഴിഞ്ഞു , സംഘടന പ്രവർത്തനത്തിന് ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ കൂട്ടുപിടിക്കുന്നതാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ നിലപാട്. ഇത് തിരുത്തപ്പെടേണ്ടതാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ അക്രമ രാഷ്‌ട്രീയം നടത്തി നിലനിൽക്കാമെന്ന് കരുതുന്ന സമീപനം തിരുത്താൻ തയ്യാറായില്ലെങ്കിൽ അത്തരക്കാരെ നേരിടാൻ വിദ്യാർത്ഥി മുന്നേറ്റത്തിന് എ ഐ എസ് എഫ് നേതൃത്വം നൽകുമെന്നും എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ വ്യക്തമാക്കി.















