ന്യൂഡൽഹി: രണ്ട് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി സേനയുടെ ഭാഗമാക്കി നാവികസേന. റഷ്യയിൽ നിർമ്മിച്ച INS തമലും INS ഉദയഗിരിയുമാണ് കഴിഞ്ഞ ദിവസം നാവിക സേനയിലേക്ക് കമ്മീഷൻ ചെയ്തത്.
റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ വച്ചാണ് ഐഎൻഎസ് തമൽ കമ്മീഷൻ ചെയ്തത്. വെസ്റ്റേൺ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ സഞ്ജയ് ജെ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷിയിലും ഇന്തോ-റഷ്യൻ സഹകരണത്തിലും ഒരു സുപ്രധാന നാഴികക്കല്ലായി ഇതിനെ കണക്കാക്കുന്നു. ആത്മനിർഭർ ഭാരത്, മെയ്‌ക്ക്-ഇൻ-ഇന്ത്യ സംരംഭങ്ങൾക്ക് കീഴിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന അവസാനത്തെ യുദ്ധക്കപ്പലാണിത്.
വായുവിലും ജലോപരിതലത്തിലും സമുദ്രത്തിന്റെ അടിത്തട്ടിലും ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിലും ഉൾപ്പെടെ പ്രവർത്തിക്കാൻ കഴിയുന്നതരത്തിലാണ് INS തമലിന്റെ രൂപകൽപന. സെപ്റ്റംബറിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന യുദ്ധക്കപ്പൽ നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാകും.
ഇന്ത്യൻ നാവികസേനയ്‌ക്കായി നാല് യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള റഷ്യയുമായുള്ള 2.5 ബില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമാണ് 3,900 ടൺ ഭാരമുള്ള തമൽ. കരാറിലെ ആദ്യത്തെ യുദ്ധകപ്പൽ, ഐഎൻഎസ് തുഷിൽ, കഴിഞ്ഞ ഡിസംബറിൽ യാന്തർ കപ്പൽശാലയിൽ നാവികസേനയുടെ ഭാഗമാകുകയും ഫെബ്രുവരിയിൽ രാജ്യത്തെത്തുകയും ചെയ്തു. അതേസമയം പ്രോജക്ട് 17 എ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസിലെ രണ്ടാമത്തെ കപ്പലായ ഉദയഗിരി ചൊവ്വാഴ്ച മുംബൈയിൽ നാവികസേനയ്‌ക്ക് കൈമാറിയതായി നാവികസേന അറിയിച്ചു.