മുവാറ്റുപുഴ: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരനായ മുവാറ്റുപുഴ സ്വദേശിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിലും മുംബൈയിലുമാണ് എഡിസൺ താമസിച്ചിരുന്നതെന്നും നാട്ടിൽ ആരുമായും സൗഹൃദമില്ലെന്നും നാട്ടുകാർ വെളിപ്പെടുത്തി.
മൂവാറ്റുപുഴ നഗരത്തിൽ തന്നെയാണ് എഡിസണിന്റെ വീട് സ്ഥിതി ചെയ്യുന്നത്. വീടിന് മുൻ വശത്തിയി ഇരു നിലകെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്. ഈ കെട്ടിടം വാടകയ്‌ക്ക് നൽകുമോ എന്ന് ചോദിച്ചാണ് എൻസിബി സംഘം ഇവിടെ എത്തുന്നത്. പിന്നീട് ദിവസങ്ങോളം നിരീക്ഷിച്ചാണ് എഡിസണിനെ കസ്റ്റഡിയിൽ എടുക്കുന്നത്. മാസങ്ങളായി ഇയാൾ നാട്ടിലുണ്ടെന്നും പറയപ്പെടുന്നു. എഡിസണിന്റെ സഹോദരനും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നതെന്നാണ് സൂചന. വിവരം പുറത്തുവന്നതിന് പിന്നാലെ കുടുംബം വീടുപൂട്ടി മുങ്ങി.
കഴിഞ്ഞ ദിവസമാണ് എഡിസണിനെ എൻസിബി കസ്റ്റഡിയിൽ എടുത്തത്. ബെംഗളൂരു കേന്ദ്രീകരിച്ചാണ് എഡിസണിന്റെ പ്രവർത്തനം. ആഗോള ലഹരി ശൃംഖലയായ യുകെയിലെ ഡോ. സീസസ് ഗ്രൂപ്പുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് എൻസിബി വ്യക്തമാക്കി.