ബർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബുമ്രയെ ടീമിൽ പരിഗണിക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും സമ്മതിച്ചെങ്കിലും, താരത്തെ പരിശീലനത്തിന് മുന്നോടിയായുള്ള പരിശീലനങ്ങളിൽ കണ്ടിരുന്നില്ല. ഇത് ലോർഡ്‌സിൽ അടുത്ത വ്യാഴാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ബുമ്രയെന്ന അഭ്യൂഹങ്ങളും ഉയർത്തുന്നുണ്ട്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 0-1 ന് പിന്നിലായ ഇന്ത്യ, ബർമിംഗ്ഹാമിൽ ഇറങ്ങുമ്പോൾ മൂന്ന് മാറ്റങ്ങൾ വരുത്തിയേക്കാമെന്നാണ് സൂചന. ബുമ്രയ്‌ക്ക് പകരം ബംഗാൾ പേസർ ആകാശ് ദീപിനായിരിക്കും സാധ്യത. ഷാർദുൽ താക്കൂറിന് പകരം സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടീമിലിടം പിടിച്ചേക്കും. മൂന്നാം നമ്പറിലിറങ്ങുന്ന സായ് സുദർശനോ ആറാമതായി ഇറങ്ങുന്ന കരുൺ നായർക്കോ പകരം നിതീഷ് റെഡ്ഢിയെയും പരിഗണിക്കാൻ സാധ്യതയുണ്ട്.
കുൽദീപിനെ ടീമിൽ നിലനിർത്താൻ ബുദ്ധിമുട്ടാണെന്ന് ഗിൽ സമ്മതിച്ചതോടെ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിനുള്ള സാധ്യതാ ഇലവനിൽ ഇങ്ങനെയാകും: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (C), ഋഷഭ് പന്ത് (WC), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്.















